കുറ്റിപ്പുറം: ചെല്ലൂർകുന്നിലെ മാലിന്യക്കൂനയിൽ വൻ തീപിടിത്തം. ക്വാറിയിൽ തള്ളിയ മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. വ്യാഴാഴ്ച രാവിലെ തീപിടിച്ച മാലിന്യം വെള്ളിയാഴ്ച രാത്രിയായിട്ടും കത്തുകയാണ്. സിറിഞ്ച്, കേബിളുകൾ, ആശുപത്രികളിൽ നിന്നും ഒഴിവാക്കുന്ന ഗ്ലൂക്കോസ് പൈപ്പുകൾ എന്നിവ വൻതോതിൽ തള്ളിയ ക്വാറിയിലാണ് തീ പിടിച്ചത്. കറുപ്പ് നിറത്തിലുള്ള പുക ഉയർന്നത് കാരണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
പ്രദേശത്തുനിന്ന് ചില കുടുംബങ്ങൾ മാറിത്താമസിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ തിരൂരിൽനിന്ന് ഫയർഫോഴ്സ് എത്തി വൈകീട്ട് ആറുമണിയോടെ തീ അണച്ചെങ്കിലും രാത്രിയോടെ വീണ്ടും തീ പിടിച്ചു. തുടർന്ന് വെള്ളിയാഴ്ച രാവിലെ 11ഓടെ ഫയർ ഫോഴ്സ് എത്തി തീയണച്ചെങ്കിലും രാത്രി 10ഓടെ വീണ്ടും തീ പിടിക്കാൻ തുടങ്ങി. വൻ പുകയാണ് ഉയരുന്നത്. പ്രദേശത്തുള്ള പറമ്പുകളിലെ തെങ്ങുകളും മരങ്ങളും കത്തിനശിച്ചിരുന്നു. രാത്രി മാലിന്യം തള്ളുന്നത് പതിവാണെന്നും ടൺകണക്കിന് മാലിന്യങ്ങളാണ് ഇവിടെ തള്ളിയതെന്നും നാട്ടുകാർ പറയുന്നു. ഇത്ര നേരമായിട്ടും ആരോഗ്യ അധികൃതർ എത്താത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.