കുറ്റിപ്പുറം: ഒരു വർഷം മുമ്പു വരെ തരിശായി കിടന്നിരുന്ന കുറ്റിപ്പുറം ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിന് സമീപം ചെമ്പൻകുന്ന് എന്നറിയപ്പെടുന്ന സ്ഥലം ഇന്ന് ചെറിയൊരു വനമായി മാറിയിരിക്കുന്നു. ഇവിടെ വെറുതെ കാട് പിടിച്ചതല്ല. ആദ്യ ലോക്ഡൗൺ കാലത്ത് 'ഇല' ഫൗണ്ടേഷൻ സ്ഥാപകൻ നജീബ് കുറ്റിപ്പുറത്തിെൻറ നേതൃത്വത്തിൽ ഇവിടെ മിയാവാക്കി കാട് വെച്ച് പിടിപ്പിക്കുകയായിരുന്നു.
പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്ന ചിന്തയിൽ നിന്നാണ് പദ്ധതിയുടെ തുടക്കം. രണ്ടോ മൂന്നോ സെൻറ് വ്യാപ്തിയിൽ ജൈവ മിശ്രിത പ്രവർത്തനങ്ങളിലൂടെ മണ്ണൊരുക്കി ജലസംരക്ഷണത്തിന് ഉതകുന്ന രീതിയിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്ന പദ്ധതിയാണ് മിയാവാക്കി വനവത്കരണം. ജപ്പാനിലാണ് ഇതിെൻറ തുടക്കം.
മരങ്ങൾ അടുപ്പിച്ച് നടുമ്പോൾ അവ സൂര്യപ്രകാശത്തിനായി പരസ്പരം മത്സരിച്ചു വളരും എന്നതാണ് മിയാവാക്കി സിദ്ധാന്തം. അതിന് അനുയോജ്യമായ രീതിയിൽ മണ്ണൊരുക്കുകയാണ് ആദ്യം ചെയ്യുന്നത്. നാലടി ആഴത്തിൽ മണ്ണെടുത്ത് അവിടെ ചകിരി, മരപ്പൊടി, പച്ചിലവളം, ചാണകം, മണ്ണ് ഇവ ചേർത്ത മിശ്രിതം നിറക്കും.
ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് നാലു മരങ്ങൾ വീതം നടും. മുകളിൽ ഈർപ്പം നില നിൽക്കാൻ മരപ്പൊടി വിരിക്കും. ഇതോടെ സാധാരണ മരങ്ങൾ വളരുന്നതിെൻറ പത്തിരട്ടി വേഗതയിൽ മരങ്ങൾ വളരും. മുപ്പതിരട്ടി സാന്ദ്രതയുള്ള വനം ഉണ്ടാക്കും. കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിലായ് ഈ പദ്ധതി പരീക്ഷണം നടത്തി വിജയിച്ചതിനാലാണ് കുറ്റിപ്പുറത്തും തുടക്കം കുറിച്ചത്.
ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഈ പദ്ധതി ഏറെ ഗുണകരവും ജൈവ വൈവിധ്യം തിരിച്ചു പിടിക്കാനും ഔഷധ ഫല വൃക്ഷ പരിപാലനങ്ങൾക്കും ഏറെ സഹായകവുമാണെന്ന വിദഗ്ധരുടെ നിർദേശത്തെ തുടർന്നാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചതെന്ന് നജീബ് കുറ്റിപ്പുറം പറഞ്ഞു.
നിലവിൽ 20 സെൻറിലാണ് മിയോ വാക്കി വനവത്കരണം ആരംഭിച്ചത്. ഇത് കുറ്റിപ്പുറത്ത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇല ഫൗണ്ടേഷൻ. പരിസ്ഥിതി കോഒാഡിനേറ്റർ എം.പി.എ. ലത്തീഫ്, പി.സി. അനൂപ് കുമാർ, എ. സുൽഫീക്കർ, കെ.എം. നാസിം, പി. സഫീർ, നസ്രി അയാസ് തുടങ്ങിയവർ ചേർന്നാണ് വനവത്കരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.