കുറ്റിപ്പുറം: എടച്ചലത്ത് വീട്ടിൽ ഹാൻസ് നിർമാണ യൂനിറ്റ് കണ്ടെത്തിയ കേസിൽ നാല് പ്രതികളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. പട്ടാമ്പി കൊടുമുണ്ട സ്വദേശി മുഹമ്മദ് (22), കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശികളായ കരുവാംക്കാട്ടിൽ ഫൈസൽ ബാബു (32), മേലെതിൽ സുബൈർ (29), പലേത്ത് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്.
ഒരാഴ്ച മുമ്പാണ് എടച്ചലം കുന്നുംപുറത്ത് വീട്ടിൽ പുകയില ഉൽപാദന യൂനിറ്റ് കണ്ടെത്തിയത്. പ്രതികളിൽ ഒരാളായ പട്ടാമ്പി കൊടുമുണ്ട സ്വദേശിയായ മുഹമ്മദ് പേരശനൂർ സ്വദേശിയിൽനിന്ന് വാങ്ങിയ വീട്ടിലാണ് യൂനിറ്റ് ആരംഭിച്ചത്. വീട്ടിൽനിന്ന് 100 കിലോയോളം പുകയിലയും 35 ചാക്ക് ഹാൻസും നിർമിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും പിക്കപ്പ് വാനും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.
വിജനമായ സ്ഥലത്താണ് യൂനിറ്റ് തുടങ്ങിയത്. ഇവിടെ രാത്രിയിൽ വാഹനങ്ങൾ വരുന്നതും പോകുന്നതും ശ്രദ്ധയിൽ പെട്ട നാട്ടുകാരുടെ നിരീക്ഷണത്തിലാണ് സംശയം ബലപ്പെട്ടത്. തുടർന്ന് നാട്ടുകാർ വീടുവളഞ്ഞപ്പോൾ പുകയില ഉൽപന്ന നിർമാണത്തിലേർപ്പെട്ട ആളുകൾ ഓടി രക്ഷപെട്ടു. ഈ കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇവർ ഹാൻസ് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ലോഡ് കണക്കായി ഇറക്കുമതി ചെയ്ത് യന്ത്രം ഉപയോഗിച്ച് പൊടിച്ച് പാക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്.
പ്രതികളിൽ സ്ഥലവും, വീടും ശരിയാക്കിക്കൊടുത്തവർ മുതൽ വണ്ടിയിൽ വിൽപനക്കായി പോയവർ വരെയുണ്ട്. അതിനിടെ വ്യാജ ഹാൻസ് ഉണ്ടാക്കിയതിനെതിരെ ഇവർക്കെതിരെ ഹാൻസ് കമ്പനിക്കാർ നിയമനടപടിക്കൊരുങ്ങുന്നതായി വിവരമുണ്ട്. കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.