കുറ്റിപ്പുറം: വേനൽ കനത്തതോടെ ഭാരതപ്പുഴയിൽ പതിവുപോലെ തീപിടിത്തവും തുടങ്ങി. കുറ്റിപ്പുറം ചെമ്പിക്കലിൽ പുഴയുടെ മധ്യഭാഗത്തെ മണൽത്തിട്ടകളിൽ ഉണങ്ങിനിന്ന അടിക്കാടുകൾക്കും ആറ്റുവഞ്ചിച്ചെടികൾക്കുമാണ് ഇന്നലെ തീപിടിച്ചത്. ഏകദേശം രണ്ട് ഏക്കറിലെ പൂല്ല് കത്തിനശിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് തുടങ്ങിയ തീപിടിത്തം ഒമ്പത് വരെ നീണ്ടു.
പുഴയിലെ ജലനിരപ്പ് താഴ്ന്നാൽ കുറ്റിപ്പുറം മുതൽ തിരുനാവായവരെ സ്ഥിരം കാഴ്ചയാണ് പുഴയിലെ തീപിടുത്തം. കഴിഞ്ഞ വർഷം അൻപതിലേറെ തവണ പല ഭാഗങ്ങളിലായി തീ പടർന്നിരുന്നു. പുഴയിൽ തമ്പടിക്കുന്ന ചിലരാണ് പുല്ലുകൾക്ക് തീയിടുന്നതെന്ന ആരോപണമുണ്ട്. അനധികൃതമായി മണൽ വാരുന്നതിനായി പുഴയിലെ കാടുകൾ നീക്കം ചെയ്യാനുള്ള എളുപ്പവഴിയാണ് ഈ തീയിടൽ എന്നും നാട്ടുകാർ പറയുന്നു.
ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്ന മാസങ്ങളിലൊന്നാണിത്. അപൂർവമായി കാണപ്പെട്ടുന്ന പക്ഷികൾ മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പുഴയിലെ ഈ പുൽക്കാടുകളിലാണ്. നീരൊഴുക്കുകുറഞ്ഞ പുഴയിൽ നവംബർ മുതൽ ഫെബ്രുവരിവരെയുള്ള മാസങ്ങളിലാണു ദേശാടനക്കിളികൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.