കുറ്റിപ്പുറം: തവനൂർ കടകശ്ശേരിയിലെ ഇയ്യാത്തുമ്മ എന്ന വയോധികയുടെ മരണത്തിലെ കേസ് അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധം ശക്തമാക്കുന്നു. സി.പി.എമ്മിെൻറ പോഷക സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ദുരൂഹത പുറത്തു കൊണ്ടുവരുക എന്ന ആവശ്യം ഉന്നയിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ ഇയ്യാത്തുമ്മയുടെ വീട്ടിൽ വനിത കൂട്ടായ്മ സംഘടിപ്പിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. നസീറ ഉദ്ഘാടനം ചെയ്തു.
ജൂൺ 20ന് വൈകീട്ട് ആറോടെ ബന്ധുക്കൾ ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് വയോധിക മരിച്ചതായി കണ്ടത്. കിടപ്പുമുറിയിൽ രക്തം വാർന്ന നിലയിലാണ് കാണപ്പെട്ടത്. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന 20 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. സംഭവ ദിവസം പ്രദേശത്ത് കണ്ടുവെന്ന് പറയുന്ന യുവാക്കളെ പിന്തുടർന്നാണ് അന്വേഷണം പുരോഗമിച്ചിരുന്നത്. ഇവരെ കണ്ടുവെന്ന് പറയുന്ന അയൽവാസിയിൽനിന്ന് ചോദിച്ചറിഞ്ഞ് പ്രതികളെന്ന് സംശയിക്കുന്ന യുവാക്കളിൽ ഒരാളുടെ രേഖചിത്രം വരച്ച് പുറത്തു വിട്ടിരുന്നു. എന്നാൽ, ഇവരെ കണ്ടെത്താൻ ഇതുവരെ സാധിച്ചില്ല. പ്രദേശത്തെ സി.സി.ടി.വി കാമറ പരിശോധിച്ചെങ്കിലും യുവാക്കളുടെ ദൃശ്യം പതിഞ്ഞിട്ടില്ല. കൊലപാതകം നടന്നിട്ട് ആറുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.