കുറ്റിപ്പുറം: ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിക്ക് താലൂക്ക് ആശുപത്രി എന്നാണ് പേരെങ്കിലും സി.എച്ച്.സിയുടെ നിലവാരമേയുള്ളൂ. ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യമോ ഒരുക്കാത്തതിനാൽ ദുരിതം പേറുകയാണ് രോഗികൾ.
ദിവസവും ശരാശരി 800-1200 ഇടയിൽ രോഗികളെത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ ആനക്കര, കുമ്പിടി, പള്ളിപ്പുറം മുതൽ മലപ്പുറം ജില്ലയിലെ തവനൂർ, ആതവനാട്, പുത്തനത്താണി വരെയുളള പ്രദേശങ്ങളിലെ ആളുകൾ ആശ്രയിക്കുന്ന ഏക സർക്കാർ ആതുരാലയമാണിത്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരില്ല.
പല വിഭാഗങ്ങളിലുമുള്ള ഒഴിവുകൾ കൃത്യമായി നികത്താത്തത് ആശുപത്രിയെ പിറകോട്ടു വലിക്കുന്നു. ഇ.എൻ.ടി, ജനറൽ സർജൻ, ത്വക് രോഗവിഭാഗം തുടങ്ങിയവക്ക് പ്രത്യേക ഡോക്ടർ വേണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. ഒഴിവുകൾ നികത്തി ആശുപത്രിയെ മികവുറ്റതാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 2010ലാണ് ഗൈനക്കോളജിസ്റ്റിനെ നിയമിച്ച് ഉത്തരവിറങ്ങയത്. പ്രസവ സംബന്ധമായ സൗകര്യങ്ങളുടെ അഭാവം കാരണം ഗൈനക്കോളജി ഡോക്ടർമാർ മറ്റു ആശുപത്രികളിലാണ് ജോലി ചെയ്യുന്നത്. ലേബർ റൂം സൗകര്യങ്ങളും ഇല്ല.
ആകെ 22 പേർക്ക് മാത്രമേ കിടത്തി ചികിത്സക്ക് സൗകര്യമുള്ളൂ. ഇത് അറുപതിന് മുകളിലേക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ കെട്ടിടം പണിതെങ്കിലും ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളുമില്ലാത്തതിനാൽ ആരംഭിച്ചില്ല. നിലവിൽ ഡയാലിസിസ് കേന്ദ്രത്തിനായി നിർമിച്ച കെട്ടിടത്തിലാണ് ആശുപത്രി തന്നെ പ്രവർത്തിക്കുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ ഭൗതിക വികസനവുമായി ബന്ധപ്പെട്ട് 18 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ട് കാലങ്ങൾ പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. നബാർഡിൽനിന്ന് ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടിവെള്ളത്തിന് പോലും ആശുപത്രിയിൽ സൗകര്യമില്ല. പുറത്തുനിന്നാണ് വെള്ളം എത്തിക്കുന്നത്. മാസ്റ്റർ പ്ലാൻ നടപ്പാക്കിയാൽ ആശുപത്രി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാവും.
മാസങ്ങൾക്ക് മുമ്പാണ് താലൂക്കാശുപത്രിയിൽ ഐ.സി.യു ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെ പ്രവർത്തിപ്പിച്ചു കണ്ടില്ല. ജീവനക്കാരില്ലാത്തതാണ് കാരണം. ഒരു ഫിസിഷ്യനും മൂന്ന് ജീവനക്കാരും ആവശ്യമാണ്. അടുത്തിടെ പനി ബാധിച്ച് അത്യാസന്ന നിലയിലായ കുട്ടിയെ ഇവിടെ പ്രവേശിപ്പിരുന്നു. ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ട രോഗിയാണെങ്കിലും സാധിച്ചില്ല.
ഒടുവിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കുട്ടി മരണപ്പെടുകയായിരുന്നു. ആശുപത്രിയുടെ പോരായ്മ എത്ര ഭീകരമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ സംഭവം. അതേസമയം, ഐ.സി.യുവിനായി കോടികൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ നിലവിൽ ഉപയോഗ്യശൂന്യമായി കിടക്കുകയുമാണ്. ആശുപത്രിയുടെ മുഖഛായ മാറ്റാൻ ആരോഗ്യവകുപ്പും ജനപ്രതിനിധികളും കൂട്ടായ്മയോടെ പ്രവർത്തിക്കണമെന്നാണ് പൊതുജനാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.