കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം ഉന്നയിച്ച് ഉദ്ഘാടന വേദിയിൽ എം.പിയും എം.എൽ.എയും. അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടന വേദിയിലാണ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും വിഷയം ഉന്നയിച്ചത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചെങ്കിലും 160 വർഷത്തിലധികം പഴക്കമുള്ള കേരളത്തിലെ രണ്ടാമത്തെ സ്റ്റേഷനായ കുറ്റിപ്പുറത്ത് നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തത് നിരാശജനകമാണെന്ന് എം.പി പറഞ്ഞു. കുറ്റിപ്പുറത്തെ അതിവേഗ തുരങ്കപാത സംബന്ധിച്ച നിർദേശം ഇപ്പോൾ നടപ്പാക്കില്ലെന്ന് എം.പി കൂട്ടിച്ചേർത്തു. നവീകരിച്ച സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ മുഖേന നിർവഹിച്ചു. റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ അരുൺ കുമാർ ചതുർവേദി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി, ഗ്രാമപഞ്ചായത്ത് അംഗം സി.കെ. ജയകുമാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മേഖലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും വേദിയിൽ ഡി.ആർ.എമ്മും എം.എൽ.എയും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.