കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കാൻ ഒരാഴ്ച കൂടി സമയം നീട്ടി നൽകി. ഫെബ്രുവരി 15നകം ജോലികൾ പൂർത്തീകരിക്കാനാണ് നേരത്തേ നിർദേശം നൽകിയിരുന്നത്. കെട്ടിടത്തിന് മുകളിൽ പാനൽ സ്ഥാപിക്കുന്ന ജോലികൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. വിശ്രമ കേന്ദ്രം നവീകരണം പൂർത്തിയായിട്ടുണ്ട്. പാർക്കിങ് സ്ഥലത്തെ ഇന്റർലോക്ക് പ്രവൃത്തികൾ നാല് ദിവസം കൊണ്ട് പൂർത്തിയാക്കും. എ.ഡി.ആർ.എം എസ്. ജയ്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിർമാണ പ്രവർത്തി വിലയിരുത്തിയത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ പൂർത്തികരിച്ച് മാർച്ച് മാസം ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. വിപുലീകരിച്ച പാർക്കിങ് ഏരിയകളുടെ നിർമാണവും മുഖ്യകവാടത്തിൽ നിർമിച്ച റിങ് റോഡ് പദ്ധതിയും യാത്രക്കാർക്കുള്ള പ്രത്യേക പാത്ത് വേയും ഉൾപ്പെടെ സംഘം പരിശോധിച്ചു. നിർമാണം പൂർത്തിയായ ലിഫ്റ്റുകൾ നേരത്തെ തുറന്ന് നൽകിയിരുന്നു. 86 ലക്ഷം രൂപ ചെലവിലാണ് ലിഫ്റ്റുകൾ നിർമ്മിച്ചത്. ഇരു പ്ലാറ്റ്ഫോമുകളിലും ഷെല്‍ട്ടറുകൾ നിര്‍മിക്കാൻ ഒന്നര കോടി രൂപയും കെട്ടിടം പുനര്‍നിര്‍മിക്കാൻ ഒരു കോടി രൂപയും അനുവദിച്ചിരുന്നു. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ ആറ് ഷെല്‍ട്ടറുകളും ഒന്നില്‍ രണ്ട് ഷെല്‍ട്ടറുകളുമാണ് നിര്‍മിച്ചിട്ടുള്ളത്. മൂന്നര കോടി രൂപയുടെ വികസന പദ്ധതികളാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.