കുറ്റിപ്പുറം: സാധാരണക്കാർക്ക് ആശ്വാസമായ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും നിർത്തലാക്കിയ ട്രെയിൻ സർവിസുകൾ പുനരാരംഭിക്കാത്തതിൽ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാർ.
പാസഞ്ചർ ട്രെയിനിൽ ചുരുങ്ങിയ നിരക്കിൽ യാത്ര ചെയ്തവർ ഇന്ന് ഇരട്ടി തുക നൽകി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. മലബാർ മേഖലയിൽ സർവിസ് നടത്തുന്ന കണ്ണൂർ-ഷൊർണൂർ പാസഞ്ചർ, ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ, കോഴിക്കോട്-തൃശൂർ പാസഞ്ചർ എന്നിവയാണ് നിർത്തലാക്കിയത്.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞപ്പോഴാണ് പാസഞ്ചർ ട്രെയിൻ സർവിസുകൾ അവസാനിപ്പിച്ചത്.
എല്ലാ സ്വകാര്യ, സർക്കാർ ഓഫിസുകളും സകലമാന മേഖലയും തുറന്നിട്ടും സാധാരണക്കാരായ ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാൻ നടപടിയാക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. മുൻപ് ഫാസ്റ്റ് പാസഞ്ചർ ആയി ഓടിയിരുന്ന രണ്ട് ട്രെയിനുകൾ പേര് മാറ്റി എക്സ്പ്രസ് ആക്കിയിട്ടുണ്ടെങ്കിലും സാധാരണക്കാരന് ദുരിതം തന്നെ.
കോയമ്പത്തൂർ-മംഗലാപുരം, കണ്ണൂർ-മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളാണ് പേരുകൾ മാറ്റി സർവിസ് നടത്തുന്നത്. പേര് മാറ്റിയപ്പോൾ യാത്ര നിരക്ക് വർധിച്ചെന്നല്ലാതെ വേറെ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല.
പാസഞ്ചർ ട്രെയിനിൽ കോഴിക്കോട് നിന്ന് കുറ്റിപ്പുറം വരെ 15 രൂപ നിരക്കിൽ യാത്ര ചെയ്തവർ എക്സ്പ്രസിൽ 35 രൂപയാണ് നൽകേണ്ടത്. ഇതിനു പുറമെ മുൻപ് ഫാസ്റ്റ് പാസഞ്ചറിൽ മുഴുവൻ കമ്പാർട്ട്മെൻറും അൺ റിസർവേഷൻ ടിക്കറ്റായിരുന്നെങ്കിൽ ട്രെയിനിെൻറ പേര് മാറ്റി എക്സ്പ്രസ് ആയപ്പോൾ നാല് കമ്പാർട്ട്മെൻറ് ഒഴികെ മുഴുവനും റിസർവേഷനാക്കി. ഇതിനു പുറമെ മുൻപ് ജനശതാബ്ദി ഒഴികെ എല്ലാ ട്രെയിനുകളിലും സീസൺ ടിക്കറ്റുള്ളവർക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന നിബന്ധന എടുത്തു മാറ്റിയതും പ്രതിസന്ധിയായി. നിലവിൽ റെയിൽവേ വിഭാഗത്തിെൻറ നയങ്ങൾ സാധാരണക്കാരുടെ നടുവൊടിക്കുന്നതാണെന്ന് കുറ്റിപ്പുറം റെയിൽവേ ആക്ഷൻ ഫോറം സെക്രട്ടറി ടി.പി. മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.