കുറ്റിപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും എ.ബി.സി പദ്ധതി താളം തെറ്റുകയാണ്. തെരുവുനായ്ക്കളുടെ ആക്രമണം ദിനംപ്രതി വർധിക്കുകയും പല തദ്ദേശ സ്ഥാപനങ്ങളും തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാര തുക പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യം ഉണ്ടായി. പദ്ധതി പ്രാവർത്തികമാക്കാൻ നിരവധി വെല്ലുവിളികളുണ്ട്. പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കാൻ വാസക്ടമി കൊണ്ട് സാധിക്കുമെന്നാണ് വെറ്ററിനറി ഗൈനക്കോളജിസ്റ്റ് ഡോ. സി. ഇബ്രാഹിം കുട്ടി പറയുന്നത്.
എ.ബി.സിയുടെ പോരായ്മകൾ
തെരുവുനായ്ക്കളെ പ്രത്യേക കേന്ദ്രത്തിലെത്തിക്കുകയും തുടർന്ന് ശസ്ത്രക്രിയക്കും തുടർപരിചരണത്തിനും ശേഷം തിരിച്ചുവിടുകയും ചെയ്യുന്നതാണ് എ.ബി.സി പദ്ധതി. ശസ്ത്രക്രിയ വഴി ആണിെൻറ വൃഷണങ്ങളും പെണ്ണിെൻറ ഗർഭപാത്രവും നീക്കം ചെയ്യുന്നതിലൂടെ പ്രത്യുൽപാദനം തടയുകയാണ്. എന്നാൽ, പദ്ധതി കൊണ്ട് തെരുവുനായ്ക്കളുടെ എണ്ണം കുറക്കാനോ അവയുടെ ആക്രമണ സ്വഭാവത്തിന് മാറ്റം വരുത്താനോ സാധിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
ഇതിനു പുറമെ ഭൗതിക സൗകര്യങ്ങൾക്കും അനുബന്ധ കാര്യങ്ങൾക്കുമുള്ള ഭാരിച്ച ചെലവുകളും കാരണം പല തദ്ദേശ സ്ഥാപനങ്ങൾക്കും എ.ബി.സി പദ്ധതി നടപ്പാക്കാനും സാധിക്കുന്നില്ല. ശസ്ത്രക്രിയക്ക് ശേഷം മുറിവ് ഉണങ്ങാൻ അഞ്ച് ദിവസംവരെ നായ്ക്കളെ സംരക്ഷിക്കണം. ഇതിനായി പുതിയ കെട്ടിടം പണിയണം. ഈ നിബന്ധനകളെല്ലാം പാലിക്കാൻ പലപ്പോഴും തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയാറില്ല.
90 ശതമാനം പട്ടികളെ പിടിച്ച് വന്ധ്യംകരിച്ചാൽ മാത്രമേ പദ്ധതി നടപ്പാക്കുന്നത് കൊണ്ട് കാര്യമുള്ളൂ. ഇത് പ്രായോഗികമല്ല. ഇതിനെല്ലാം പരിഹാരമെന്ന തരത്തിലാണ് വാസക്ടമി എന്ന ആശയം മുന്നോട്ട് വെക്കുന്നത്.
വാസക്ടമി കൂടുതൽ പ്രായോഗികം
വാസക്ടമി വളരെ ലളിതമായി ചെയ്യാവുന്ന ബാഹ്യ ശസ്തക്രിയയാണ്. നായ്ക്കളുടെ വൃഷ്ണങ്ങൾക്ക് കേടുപാടു കൂടാതെ വൃഷ്ണ സഞ്ചിയുടെ മേൽഭാഗത്ത് 0.5 സെൻറീ മീറ്റർ വലിപ്പത്തിലുള്ള മുറിവുണ്ടാക്കി ബീജവാഹിനി കുഴൽ മുറിക്കുകയാണ് ഇതിൽ ചെയ്യുന്നത്. അഞ്ച് മിനിറ്റിനകം അനായാസം ചെയ്യാവുന്ന ചെലവു കുറഞ്ഞ ശസ്ത്രക്രിയയാണ് വാസക്ടമി. കൂടാതെ ശസ്ത്രക്രിയക്ക് മുമ്പോ ശേഷമോ പ്രത്യേക പരിചരണവും വേണ്ട എന്നതിനാൽ ഈ രീതി ഏറെ പ്രായോഗികമാണ്. കൂടാതെ വാസക്ടമി ചെയ്യുന്നതിന് നായ്ക്കളെ പിടികൂടേണ്ടത് അനിവാര്യമാണെങ്കിലും ആണിനെ മാത്രമാണ് പിടിക്കേണ്ടത് എന്നതും മുഴുവൻ ആണിനെയും പിടിക്കേണ്ടതില്ല എന്നതും ഈ രീതി എളുപ്പമാക്കുന്നു.ഇതിനു പുറമെ വാസക്ടമിക്ക് വിധേയമാക്കപ്പെട്ട നായ്ക്കളെ ഉപയോഗിച്ച് മറ്റു നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതാണ് ഈ രീതിയുടെ അടിസ്ഥാന തത്വം. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ ഡോ. ഇബ്രാഹിം കുട്ടി മുന്നോട്ടുവെച്ച ആശയം സർക്കാറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.