കുറ്റിപ്പുറം: പതിറ്റാണ്ടുകളായുള്ള തവനൂർ, തിരുനാവായ കരക്കാരുടെ കാത്തിരിപ്പിന് ഇനിയും അറുതിയായില്ല. ഇരുകരകളെയും ബന്ധിപ്പിച്ചുള്ള പാലത്തിന്റെ നിർമാണം അനന്തമായി നീളുകയാണ്. നിർമാണത്തിന് മുന്നോടിയായുള്ള മണ്ണുപരിശോധനയുൾപ്പെടെ പൂർത്തിയായെങ്കിലും ടെൻഡർ തുകയുമായി ബന്ധപ്പെട്ട സർക്കാർ അനുമതിക്കായായിരുന്നു ആദ്യ തടസ്സം. ഈ തടസ്സമെല്ലാം നീങ്ങിയപ്പോൾ രൂപരേഖയിൽ കിഫ്ബിയുടെ അന്തിമ അനുമതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. 630 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ടെൻഡർ ക്ഷണിച്ചരുന്നത്.
സമീപന റോഡുൾപ്പെടെ 1180 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് നിർമാണം. 380 മീറ്ററാണ് സമീപന റോഡിന്റെ നീളം. പാലത്തിൽ ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും. തവനൂരിലെ പാലവും കുമ്പിടി റെഗുലേറ്റർ കം ബ്രിഡ്ജും യാഥാർഥ്യമായാൽ കുറ്റിപ്പുറത്തിനും പൊന്നാനിക്കുമിടയിൽ ഭാരതപ്പുഴയിലുള്ള പാലങ്ങളുടെ എണ്ണം അഞ്ചാകും. 2009 ജൂലൈ 14നാണ് തവനൂർ-തിരുനാവായ പാലത്തിന് സംസ്ഥാന സർക്കാറിന്റെ ഭരണാനുമതി ലഭിച്ചത്. 2021ലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്. പുത്തനത്താണിയിൽനിന്ന് തിരുനാവായ വഴി എത്തുന്ന വാഹനങ്ങൾക്ക് നിർദിഷ്ട പാലം കയറി തവനൂരിലെത്തിയാൽ പൊന്നാനി ദേശീയപാതവഴി യാത്ര ചെയ്യാനാകും. കോഴിക്കോട്-കൊച്ചി യാത്രയുടെ ദൂരം ഗണ്യമായി കുറയുകയും ചെയ്യും. ത്രിമൂർത്തി സംഗമസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തവനൂർ-തിരുനാവായ പാലം യാഥാർഥ്യമാകുന്നതോടെ തീർഥാടന ടൂറിസം രംഗത്തും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.