കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിലിന്റെ നിർമാണം ആരംഭിച്ചിട്ട് എട്ട് വർഷം പിന്നിടുമ്പോഴും തുറന്നു പ്രവർത്തനം ആരംഭിക്കാനായില്ല. ഒരു വർഷം മുമ്പ് കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുകയാണ്. കുടിവെള്ളവും വൈദ്യുതീകരണ പ്രവർത്തനവും അനന്തമായി നീളുന്നതാണ് തടസ്സം.
ഭാരതപ്പുഴയിൽ കിണർ കുഴിച്ച് വെള്ളം എത്തിക്കാനാണ് ഉദ്ദേശിച്ചത്. ഇതിനുവേണ്ടി ജല അതോറിറ്റിക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തുടർപ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ പൈപ്പ് വഴി ജയിൽ വളപ്പിലേക്ക് വെള്ളം എത്തിക്കാൻ തടസ്സം നേരിടുന്നതാണ് പ്രധാന പ്രശ്നം. റോഡിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ സാധിക്കൂവെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. 2014ലാണ് തവനൂർ കുരടയിൽ ജയിൽ വകുപ്പിന്റെ എട്ട് ഏക്കർ ഭൂമിയിൽ കെട്ടിട നിർമാണം ആരംഭിച്ചത്. പല ഘട്ടങ്ങളിലായി നിർമാണം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. ആദ്യഘട്ടത്തിൽ 17 കോടി രൂപ ചെലവിൽ ചുറ്റുമതിലോടെ നിർമിച്ച കെട്ടിട സമുച്ചയത്തിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ അടച്ചിടുകയായിരുന്നു.
തുടർന്ന് 10 കോടി രൂപ അനുവദിച്ചാണ് രണ്ടാംഘട്ടം ആരംഭിച്ചത്. രണ്ടാംനില കെട്ടിടവും അടുക്കള, ഓഫിസ്, സന്ദർശന കേന്ദ്രം തുടങ്ങിയവയുടെ നിർമാണവുമാണ് രണ്ടാംഘട്ടത്തിൽ നടന്നത്. ഒന്നാം പിണറായി സർക്കാറിന്റെ അവസാനത്തിൽ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അനന്തമായി നീളുകയായിരുന്നു.
മറ്റു സെൻട്രൽ ജയിലുകളിൽ 1300 തടവുകാരെ പാർപ്പിക്കാനേ സൗകര്യമുള്ളൂ. എന്നാൽ തവനൂരിൽ 2000 പേരെ ഉൾക്കൊള്ളാൻ സൗകര്യമുണ്ട്. സ്വാതന്ത്ര്യാനന്തരം സംസ്ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ ജയിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.