കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ജൂണ്‍ 12ന്: ഉ​ദ്ഘാ​ട​ന ദി​വ​സം പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ൽ സ​ന്ദ​ര്‍ശി​ക്കാം

കുറ്റിപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ജൂണ്‍ 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടന ദിവസം പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതായി ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഉദ്ഘാടന ദിവസം രാവിലെ ഒമ്പതുമുതല്‍ 10 വരെ ഒരു മണിക്കൂര്‍ സമയമാണ് സന്ദര്‍ശകര്‍ക്കായി സമയം അനുവദിച്ചിട്ടുള്ളത്. അതിസുരക്ഷ മേഖലയായതിനാല്‍ ഉദ്ഘാടനത്തിനുശേഷം ജയിലിനുള്ളില്‍ സന്ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ജയില്‍ ഡി.ജി.പി സുധേഷ്‌കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന്റെ 7.56 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് മൂന്ന് സെൻട്രൽ ജയിലുകളില്‍നിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിര്‍മാണം. 'യു' ആകൃതിയില്‍ മൂന്ന് നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിലവിലെ സെന്‍ട്രല്‍ ജയിലുകളുടെ നിര്‍മാണ രീതിയില്‍നിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. മൂന്നു നിലകളോട് കൂടിയ പ്രധാന കെട്ടിടത്തില്‍ തടവുകാരെ താമസിപ്പിക്കുന്നതിനായി 34 ബാരക് സെല്ലുകളും 24 സെല്ലുകളുമുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്‌സിനായി രണ്ടുസെല്ലുകളും ഒരുക്കിയിട്ടുണ്ട്. 706 അന്തേവാസികളെ താമസിപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.

തടവുകാര്‍ക്ക് ഫ്ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ടോയ്ലറ്റുകളും ഷവര്‍ സൗകര്യത്തോടെയുള്ള 84 ബാത്ത് റൂമുകളും ഉണ്ട്. 200ഓളം വരുന്ന തടവുകാരെയാണ് ആദ്യ ഘട്ടത്തില്‍ ജയിലില്‍ പാര്‍പ്പിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. തവനൂരില്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, ഉത്തരമേഖല ജയില്‍ ഡി.ഐ.ജി സാം തങ്കയ്യന്‍, ജയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് കെ.വി. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Thavanur Central Jail will be inaugurated on June 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.