കുറ്റിപ്പുറം: കേരള ഗാന്ധി കെ. കേളപ്പൻ വിട വാങ്ങിയിട്ട് അര നൂറ്റാണ്ട്. ജന്മംകൊണ്ട് കൊയിലാണ്ടിക്കാരനാണെങ്കിലും കർമമേഖല തവനൂരായിരുന്നു. കേളപ്പജിയുടെ ഓർമകൾ തുളുമ്പുന്ന ശേഷിപ്പുകൾ ഇന്നും തവനൂരിൽ തുടിച്ചുനിൽക്കുന്നു. ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മൂല്യങ്ങൾ ഉൾക്കൊണ്ട് 1960ൽ തുടങ്ങിയ സർവോദയപുരം പോസ്റ്റ് ബേസിക് സ്കൂളാണ് തവനൂരിലെ ഇപ്പോഴത്തെ കേളപ്പൻ മെമ്മോറിയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. ജവഹർലാൽ നെഹ്റുവുമായുള്ള കേളപ്പജിയുടെ അടുപ്പം കൊണ്ട്, സുഹൃത്തും ദേശീയവാദിയുമായ തവനൂർ മനയിലെ വാസുദേവൻ നമ്പൂതിരിപ്പാട് ദാനം നൽകിയ 100 ഏക്കറിൽ 1963ൽ സ്ഥാപിച്ച തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളത്തിലെ ഏക കാർഷിക എൻജിനീയറിങ് കലാലയമായ കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി.
കേളപ്പജി താമസിച്ച വീട് സ്ഥിതിചെയ്യുന്നതും കോളജിനുള്ളിലാണ്. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി കേളപ്പൻ ആരംഭിച്ച ഹോസ്റ്റലാണ് പട്ടികജാതി ഹോസ്റ്റലുകൾക്ക് മാതൃകയായത്. പൊന്നാനി എ.വി ഹൈസ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. 1951ൽ ആദ്യമായി പൊന്നാനിയിൽനിന്ന് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേളപ്പജി മഹാത്മ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തതിെൻറ ഓർമക്കായാണ് സർവോദയ മേള നടത്തുന്നത്.
നിലംപൊത്താറായി കസ്തൂർബ ബാലികസദനം
തവനൂരിൽ കെ. കേളപ്പൻ പണികഴിപ്പിച്ച, കസ്തൂർബയുടെ പേരിലുള്ള ബാലികസദനം നിലംപൊത്താറായ നിലയിൽ. പട്ടികജാതിയിൽപ്പെട്ട ബാലികമാർക്ക് താമസിച്ചു പഠിക്കാൻ അദ്ദേഹം പണികഴിപ്പിച്ചതാണിത്. 1965ൽ നിർമാണം പൂർത്തിയായി. ഓഫിസടക്കം ആറു മുറികളും മറ്റു സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നു.
1975ൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിച്ച കസ്തൂർബ ബാലികസദനത്തിലെ അന്തേവാസികളെ പിന്നീട് ഇങ്ങോട്ട് മാറ്റി. 1995 വരെ കസ്തൂർബ സേവാസദനം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു. താമസിക്കാൻ കുട്ടികളെ കിട്ടാതായതോടെ കേന്ദ്രത്തിെൻറ പ്രവർത്തനം നിലച്ചു. തുടർന്ന് തവനൂരിലേക്ക് അനുവദിച്ച സർക്കാർ ആശുപത്രി ഏറെക്കാലം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കെ. കേളപ്പൻ ഏറെനാൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നു. 20 വർഷം മുമ്പുവരെ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് പൂട്ടി. ഇന്ന് കേന്ദ്രം കാടുപിടിച്ചുകിടക്കുകയാണ്.
താമസിച്ച വീടും തകർച്ചയിൽ
കേളപ്പജിയുടെ ഭവനവും തകർച്ചഭീഷണി നേരിടുന്നു. കാർഷിക എൻജിനീയറിങ് കോളജ് വളപ്പിനുള്ളിൽ ഓടുമേഞ്ഞ ചെറിയ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന് സ്മാരകം നിർമിക്കണമെന്ന ആവശ്യം ഉയരുമ്പോഴും താമസിച്ചിരുന്ന വീട് ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുകയാണ്. വീട് ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.