കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ കുട നിർമാണ യൂനിറ്റ് ആരംഭിച്ചു. സാമൂഹികനീതി വകുപ്പ് ജില്ല പ്രബേഷൻ ഓഫിസും സെൻട്രൽ ജയിലും സംയുക്തമായാണ് അന്തേവാസികൾക്ക് കുട നിർമാണത്തിന് പരിശീലനം നൽകുന്നത്. കുറഞ്ഞ വിലയിൽ സ്കൂൾ വിദ്യാർഥികൾക്ക് വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ ജയിലുകളുടെ നേതൃത്വത്തിൽ നടത്തുന്ന ചപ്പാത്തി യൂനിറ്റ് മാതൃകയിൽ കുട വിൽപന കടകൾ ആരംഭിക്കാനും ആലോചനയുണ്ട്. അന്തേവാസികളുടെ വ്യക്തിത്വവികാസം ഉറപ്പുവരുത്തുക, തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുക, തടവ് സമയം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കുട നിർമാണം ആരംഭിച്ചിരിക്കുന്നത്.
ആസ്റ്റർ മിംസ് ഫൗണ്ടേഷന്റെ മൊബൈൽ മെഡിക്കൽ യൂനിറ്റ് ജയിലിൽ കഴിയുന്നവരുടെ മെഡിക്കൽ പരിശോധനയും, മരുന്ന് വിതരണ ക്യാമ്പും നടത്തി. ജയിൽ ഉപയോഗത്തിനായി വീൽചെയർ, സ്ട്രച്ചർ, വാക്കർ തുടങ്ങിയവ ആസ്റ്റർ മിംസ് ഫൗണ്ടേഷൻ മലബാർ ലീഡ് മാനേജർ കെ.വി. മുഹമ്മദ് ഹസിം വിതരണം ചെയ്തു. ആസ്റ്റർ മിംസ് സഹകരണത്തോടെ തവനൂർ ജയിലിൽ എല്ലാ മാസവും പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനിച്ചു. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ആരോഗ്യ പരിശോധന നടക്കുക. മെഡിക്കൽ ക്യാമ്പിന്റെയും കുട നിർമാണ യൂനിറ്റിന്റെയും ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. ജയിൽ സൂപ്രണ്ട് ഡോ. പി. വിജയൻ, ജില്ല പ്രബേഷൻ ഓഫിസർ സമീർ മച്ചിങ്ങൽ, അഡീഷനൽ ജില്ല പ്രബേഷൻ ഓഫിസർ ആർ. രമ്യ, പ്രബേഷൻ അസിസ്റ്റന്റ് നിതിൻ എം.എസ്, ജയിൽ വെൽഫെയർ ഓഫിസർ ബിബിൻ, ജയിൽ ജോയന്റ് സൂപ്രണ്ട് ബൈജു, സിയാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.