കുറ്റിപ്പുറം: ബസ് സ്റ്റാൻഡിൽ തുടങ്ങാനിരുന്ന മൂല്യവർധിത ഉൽപന്നങ്ങൾ വിൽക്കാനുള്ള കുടുംബശ്രീ കേന്ദ്രത്തിന്റെ നിർമാണം വ്യാപാരികളുടെ സമ്മർദം കാരണം പഞ്ചായത്ത് അധികൃതർ തടഞ്ഞതായി പരാതി. ജില്ലയിൽ കുടുംബശ്രീ തുടങ്ങിയ പത്ത് വെജിറ്റബിൾ കിയോസ്കുകളിൽ ഒന്നാണിത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ ദിവസം തിരുനാവായയിലാണ് നടന്നത്.
സംസ്ഥാന കുടുംബശ്രീ മിഷൻ അനുവദിച്ച രണ്ടുലക്ഷം രൂപ ചെലവിട്ട് നിർമാണം ആരംഭിച്ച ഷെഡിന്റെ ജോലികൾ നിർത്താൻ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് പി. നസീറ ഉത്തരവിടുകയായിരുന്നു. കുടുംബശ്രീ അംഗങ്ങൾ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിൽക്കാനാണ് സ്റ്റാൾ ആരംഭിക്കുന്നത്. എന്നാൽ, ഇത് വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടിയാണെന്നും കടകളുടെ മുഖം മറക്കുമെന്നും പരാതി ഉന്നയിച്ചാണ് പ്രവൃത്തി തടഞ്ഞത്.
അതേസമയം, ചെറിയ ഉന്തുവണ്ടി മാതൃകയിലുള്ള പച്ചക്കറി വിപണന കേന്ദ്രമാണ് അനുവദിച്ചിരുന്നതെന്നും എന്നാൽ ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ മറക്കുന്ന രീതിയിൽ ഇരുമ്പു ഷീറ്റുകൾ ഉപയോഗിച്ചുള്ള വലിയ ഷെഡാണ് നിർമിക്കാൻ തുടങ്ങിയതെന്നും ഇതിനെതിരെ പരാതി ഉയർന്നതോടെയാണ് നിർമാണം തടഞ്ഞതെന്നുമാണ് പ്രസിഡന്റ് നസീറ പറയുന്നത്. ഇത് മറ്റൊരു സ്ഥലത്തേക്ക് മറ്റുമെന്നും പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.