കുറ്റിപ്പുറം: വൃക്ക തകരാറിലായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. തവനൂർ വെള്ളാഞ്ചേരി സ്വദേശി മേനത്ത് സുരേഷ് ബാബുവാണ് ദുരിതമനുഭവിക്കുന്നത്. സുരേഷ് ബാബുവിന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഭാര്യയും വിദ്യാർഥികളായ മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. ചികിത്സ സമിതിയുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും കാരുണ്യത്തിലാണ് ഡയാലിസിസും അനുബന്ധ ചികിത്സകളും നടക്കുന്നത്. അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി 25 ലക്ഷം രൂപ വേണം. ഇത്രയും വലിയൊരു തുക ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചെങ്കിലും ചികിത്സക്കായുള്ള തുക ലഭിച്ചിട്ടില്ല. ഇനി സുമനസ്സുകളുടെ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സുരേഷ് ബാബുവിന് ജീവിതമുള്ളൂ. ഇതിനായി ഉദാരമതികൾ സഹായിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ചികിത്സ സഹായ സമിതി കനറ ബാങ്ക് ശാഖയിൽ ആരംഭിച്ച അക്കൗണ്ട് നമ്പർ 3909101005013. IFSC : CNRB 0003909. ഫോൺ: 9895371864.
എടയൂർ: വൃക്കകൾ തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. എടയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ താമസിക്കുന്ന വലിയാത്ര വേലായുധന്റെ മകൾ ഹർഷ (28) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യണം. വൃക്ക മൂന്നു മാസംകൊണ്ട് മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
കൂലി പണിക്കാരനായ അച്ഛനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയും മാത്രമുള്ള ഈ നിർധന കുടുംബം ചികിത്സക്കുള്ള പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. അച്ഛൻ വേലായുധൻ വൃക്ക നൽകാൻ തയാറാണ്. ഹർഷയുടെ ചികിത്സക്കായി നാട്ടുകാർ ഒരുമിക്കുകയാണ്. മൂന്നാം വാർഡ് അംഗം കെ.കെ. രാജീവ് ചെയർമാനും അബൂബക്കർ മുളക്കൽ കൺവീനറും കെ. ഷൈജൽ ട്രഷററുമായി നാട്ടുകാരുടെ നേതൃത്വത്തിൽ വലിയാത്ര ഹർഷ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു. കേരള ഗ്രാമിൺ ബാങ്ക് എടയൂർ ശാഖയിൽ അക്കൗണ്ടു തുടങ്ങി. അക്കൗണ്ട് നമ്പർ: 40647101099180. IFSC: KLGB0040647. ഫോൺ-9645088929 (ചെയർമാൻ), 9037644033 (ഗൂഗിൾ പേ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.