മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഒരുമുഴം മുന്നിലെത്തി ഇടതുമുന്നണി. നിലവിൽ പൊന്നാനി, തവനൂർ, താനൂർ, നിലമ്പൂർ മണ്ഡലങ്ങളാണ് എൽ.ഡി.എഫിെൻറ പക്കലുള്ളത്. ഇവ നിലനിർത്തി രണ്ടോ മൂന്നോ മണ്ഡലങ്ങൾ അധികം പിടിക്കാനുള്ള ഊർജിത ശ്രമത്തിലാണ് മുന്നണി. ആറിടത്ത് സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. അഞ്ച് മണ്ഡലങ്ങളിൽ സ്വതന്ത്രരെയാണ് നിർത്തിയിരിക്കുന്നത്. സി.പി.ഐക്ക് നൽകിയത് മൂന്ന് സീറ്റാണ്. ശേഷിക്കുന്ന ഓരോ മണ്ഡലങ്ങളിൽ എൻ.സി.പിയും ഐ.എൻ.എല്ലും മത്സരിക്കും.
സ്ഥാനാർഥി നിർണയത്തിനെതിരെ സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങിയതിലൂടെ സംസ്ഥാനശ്രദ്ധ നേടിയ പൊന്നാനിയിൽ പി. നന്ദകുമാറിനെത്തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. 2006 മുതൽ തുടർച്ചയായി സി.പി.എം സ്ഥാനാർഥികൾ ജയിച്ചുവരുന്ന മണ്ഡലമാണ്. നിലവിൽ പാർട്ടി ചിഹ്നത്തിൽ ജില്ലയിൽ നിന്നുള്ള ഏക നിയമസഭാംഗവും പൊന്നാനിയിൽനിന്നാണ്. മണ്ഡലം നിലനിർത്തുക സി.പി.എമ്മിന് അഭിമാനപ്രശ്നം കൂടിയാണ്. നന്ദകുമാർ 1966ല്‍ കോഴിക്കോട് ഗുരുവായൂരപ്പന് കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.എഫിലൂടെ പൊതുരംഗത്ത്. 1969-70ല്‍ കെ.എസ്.വൈ.എഫ് മലപ്പുറം ജില്ല പ്രസിഡൻറായി. 1970ല്‍ ട്രേഡ് യൂനിയന്‍ രംഗത്തേക്ക്. ട്രാന്‍സ്പോര്‍ട്ട് യൂനിയൻ ജില്ല പ്രസിഡൻറായിരുന്നു. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഒന്നേമുക്കാല്‍ വർഷത്തോളം ജയിലില്‍ കിടന്നു. 1977ല്‍ ജയില്‍മോചിതനായശേഷം പാർട്ടി തിരൂര്‍ താലൂക്ക് സെക്രട്ടറിയായി ചുമതലയേറ്റു.
2006ലെ കനത്ത പരാജയത്തിന് ശേഷം സി. മമ്മൂട്ടിയിലൂടെ മുസ്ലിം ലീഗ് തിരിച്ചുപിടിച്ച തിരൂരിൽ ഇത്തവണ ഗഫൂർ പി. ലില്ലീസിനെ സി.പി.എം ഇറക്കിയിരിക്കുന്നത് തികഞ്ഞ വിജയപ്രതീക്ഷയോടെയാണ്. 2016ൽ ഭൂരിപക്ഷം മൂന്നിലൊന്നാക്കി ചുരുക്കാൻ ഗഫൂറിന് കഴിഞ്ഞിരുന്നു. കേരള പ്രവാസി സംഘം ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ലോക കേരളസഭാംഗം, കേരള സ്റ്റേറ്റ് പ്രവാസി ക്ഷേമസഹകരണ സംഘം സെക്രട്ടറി, തിരൂർ ബ്ലോക്ക് പ്രവാസി ക്ഷേമസഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പതിറ്റാണ്ടുകൾ മുസ്ലിം ലീഗിനെ മാത്രം ജയിപ്പിച്ച ചരിത്രമുള്ള താനൂരിൽ 2016ലെ തോൽവിയുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും പാർട്ടിയെ വിട്ടുമാറിയിട്ടില്ല. എൽ.ഡി.എഫ് സ്വതന്ത്രനായി കഴിഞ്ഞതവണ അട്ടിമറി വിജയം നേടിയ മുൻ കോൺഗ്രസ് നേതാവ് വി. അബ്ദുറഹിമാൻ തന്നെ ഇക്കുറിയും സ്ഥാനാർഥി. ലീഗിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ ഇരുകൂട്ടർക്കും എളുപ്പമല്ല കാര്യങ്ങൾ.
സി.പി.ഐ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ഏക മണ്ഡലമായ തിരൂരങ്ങാടിയിൽ ഇത്തവണ മുൻനിര നേതാവ് അജിത് കൊളാടിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ലീഗിെൻറ ഉരുക്കുകോട്ടയിൽ കഴിഞ്ഞതവണ കന്നിമത്സരത്തിനിറങ്ങിയ എൽ.ഡി.എഫിലെ നിയാസ് പുളിക്കലകത്ത് ലീഗിെൻറ ഭൂരിപക്ഷം 6,043 വോട്ടാക്കി കുറച്ചു. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വലിയ ലീഡ് നേടി.
മുമ്പ് മൂന്നുതവണ വ്യത്യസ്ത മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയമറിഞ്ഞ ഐ.എൻ.എൽ സംസ്ഥാന അധ്യക്ഷൻ എ.പി. അബ്ദുൽ വഹാബ് സ്വന്തം നാട്ടിൽ സ്ഥാനാർഥിയാവുകയാണ് ഇത്തവണ. 2011ൽ നിലവിൽ വന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ 12,610 വോട്ടിനായിരുന്നു മുസ്ലിം ലീഗിനോട് ഐ.എൻ.എല്ലിെൻറ തോൽവി.
മുസ്ലിം ലീഗിെൻറ ശക്തികേന്ദ്രമായ കൊണ്ടോട്ടിയിൽ 2016ൽ ഭൂരിപക്ഷം 10,654 വോട്ട് മാത്രമായിരുന്നുവെന്നതാണ് ഇടത് ക്യാമ്പിന് പ്രതീക്ഷ നൽകുന്നത്. പ്രവാസി വ്യവസായിയായ കെ.പി. സുലൈമാൻ ഹാജിയെ സ്വതന്ത്രനായി ഇറക്കുന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന അവകാശവാദവുമായാണ്.
2011ൽ തവനൂർ മണ്ഡലം നിലവിൽ വന്നതുമുതൽ കെ.ടി. ജലീലാണ് സാമാജികൻ. 2016ൽ ഭൂരിപക്ഷം ഇരട്ടിയിലധികമാക്കാൻ കഴിഞ്ഞത് നേട്ടമായി. ജില്ലയിലെ ഏക മന്ത്രിമണ്ഡലവും തവനൂരാണ്. സ്വതന്ത്ര സ്ഥാനാർഥിയായി ഹാട്രിക് വിജയം തേടിയാണ് ജലീൽ ഇറങ്ങുന്നത്. പൊന്നാനിയെപ്പോലെ സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളാണ് മണ്ഡല പരിധിയിൽ. ഇത്തവണ മാറ്റമുണ്ടാക്കാൻ എതിർഭാഗം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.
ഡി.വൈ.എഫ്.ഐ നേതാവും ഗവേഷകയുമായ പി. ജിജിയാണ് സംസ്ഥാനത്തുതന്നെ ലീഗിന് ഏറ്റവും ശക്തിയുള്ള മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി. വനിത, യുവമുഖത്തെ അവതരിപ്പിച്ച് വേങ്ങരയിൽ ചലനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പാർട്ടി.
സാമൂഹിക-ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന എൻ.എ.എം.കെ ഫൗണ്ടേഷൻ ചെയർമാനാണ് കോട്ടക്കലിൽ രണ്ടാം തവണയും ഗോദയിലിറങ്ങുന്ന എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി. വർഷങ്ങളായി മണ്ഡലം കേന്ദ്രമാക്കിയ മമ്മൂട്ടി, ലീഗിെൻറ ഭൂരിപക്ഷം 2016ൽ 35,000ൽനിന്ന് 15,000ലേക്ക് കുറച്ചതിെൻറ ആത്മവിശ്വാസത്തിലാണ്.
• മലപ്പുറത്ത് പാലോളി വിതറുമോ
രണ്ടുവർഷം മുമ്പ് സി.പി.ഐയോട് വിടപറഞ്ഞ് സി.പി.എമ്മിലേക്ക് ചേക്കേറിയയാളാണ് പാലോളി അബ്ദുറഹിമാൻ. രണ്ട് പാർട്ടികളുടെയും പ്രവാസി സംഘടനകളുടെ നേതൃപദവിയിലിരുന്നു. ലീഗിന് മറുവാക്കില്ലാത്ത മലപ്പുറം മണ്ഡലത്തിൽ പാലോളി ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും തുണച്ച ചരിത്രമുണ്ടെങ്കിലും മങ്കട ലീഗിന് മുൻതൂക്കമുള്ള മണ്ഡലമാണ്. അവിടെയാണ് 2016ൽ നാട്ടുകാരനും പുതുമുഖവുമായ സി.പി.എമ്മിലെ ടി.കെ. റഷീദലി ഭൂരിപക്ഷം 1508 വോട്ടാക്കി വെട്ടിക്കുറച്ചത്. മറ്റൊരങ്കത്തിന് റഷീദലി ഇറങ്ങുമ്പോൾ നെഞ്ചിടിപ്പുണ്ട് യു.ഡി.എഫ് ക്യാമ്പിൽ. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിൽ എത്തിയ റഷീദലി എം.എസ്.എഫ് കുത്തകയായിരുന്ന മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ യൂനിവേഴ്സിറ്റി യൂനിയന്‍ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകസംഘം മങ്കട ഏരിയ സെക്രട്ടറിയും സി.പി.എം മങ്കട ഏരിയ കമ്മിറ്റി അംഗവുമാണ്.
ഇ.എം.എസിെൻറ നാട്ടിൽ പുതിയ പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ് സി.പി.എം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്ത ചരിത്രമുണ്ടായിട്ടും മുസ്ലിം ലീഗ് വിട്ട വ്യവസായി കെ.പി. മുഹമ്മദ് മുസ്തഫയെ സ്വതന്ത്രനായി നിർത്തിയിരിക്കുകയാണ്. മുസ്ലിം ലീഗ് പ്രതിനിധിയായി 2010-15 കാലയളവിൽ മലപ്പുറം നഗരസഭാധ്യക്ഷനായിരുന്നു. നേരേത്ത ഒരുതവണ മണ്ഡലത്തിൽ വിജയിച്ച വി. ശശികുമാർ, 2016ൽ ലീഗിെൻറ ഭൂരിപക്ഷം 579 വോട്ടാക്കി കുറച്ചിരുന്നു.
ഇക്കുറി മഞ്ചേരിയിൽ സി.പി.ഐ രംഗത്തിറക്കുന്നത് മുൻ ലീഗ് നേതാവിനെയാണ്. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലും പാണ്ടിക്കാട് പഞ്ചായത്തിലും ഭരണസമിതി അംഗമായിരുന്നു പി. അബ്ദുൽ നാസർ എന്ന ഡിബോണ നാസർ. ഇരുപതിനായിരത്തോളം വോട്ടിന് ലീഗ് ജയിച്ച മണ്ഡലമാണിത്.
സർവിസ് സംഘടനരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള കെ.ടി. അബ്ദുറഹിമാൻ സി.പി.ഐയുടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. മണ്ഡലം നിലവിൽ വന്നിട്ടിത് മൂന്നാമത്തെ അങ്കമാണ്. 2011ൽ എൽ.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥി ബി.ജെ.പിക്കും പിറകിലായിരുന്നെങ്കിൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തി.
2015ൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് എന്ന ഖ്യാതി നേടിയ പി. മിഥുനയാണ് സംവരണ മണ്ഡലമായ വണ്ടൂരിൽ സി.പി.എം സ്ഥാനാർഥി. അന്ന് അവർ മുസ്ലിം ലീഗ് ജനപ്രതിനിധിയായിരുന്നു. പിന്നീട് സി.പി.എമ്മിലേക്ക് മാറിയ മിഥുനയെ ജില്ലയിൽ കോൺഗ്രസ് ജയിച്ച ഏക മണ്ഡലം പിടിക്കാനാണ് ഇറക്കിയിരിക്കുന്നത്.
2016ൽ നിലമ്പൂരിൽ കോൺഗ്രസ് കുത്തക തകർത്തയാളും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയുമായ പി.വി. അൻവറല്ലാതെ മറ്റൊരു പേരിനെക്കുറിച്ച് സി.പി.എം ചിന്തിച്ചില്ല. യു.ഡി.എഫ് ആരെ രംഗത്തിറക്കിയാലും മണ്ഡലം നിലനിർത്താൻ അൻവറിന് കഴിയുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.