മലപ്പുറം: കാത്തിരിപ്പിനൊടുവിൽ മലപ്പുറം ഗവ. വനിത കോളജിന് സ്വന്തം കെട്ടിടമുയരുന്നു. പാണക്കാട് ഇൻകെൽ എജുസിറ്റയിലെ അഞ്ച് ഏക്കർ സ്ഥലത്ത് നിർമാണ പ്രവൃത്തികൾ തുടങ്ങി. അഞ്ച് നിലകളിലായി പണിയാനുദ്ദേശിക്കുന്ന കെട്ടിടത്തിെൻറ തറയുടെ നിർമാണം പുരോഗമിക്കുകയാണ്. മുണ്ടുപറമ്പിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജ് ഒന്നര വർഷത്തിനകം ഇവിടേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. താഴെ രണ്ട് നിലകൾ പൂർത്തിയായാൽ ക്ലാസുകൾ തുടങ്ങും.
ആറ് മാസം മുമ്പ് കെട്ടിട നിർമാണത്തിന് തറക്കല്ലിട്ടിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടു. റോഡിൽനിന്ന് മീറ്ററുകൾ അകലെ കാടുമൂടിക്കിടന്ന സ്ഥലത്താണ് കെട്ടിടമുയരുന്നത്. ഇവിടേക്ക് വെള്ളവും വൈദ്യുതിയും എത്തിക്കുന്നതിലെ പ്രയാസവും നിർമാണം വൈകാൻ ഇടയാക്കി.
പി. ഉബൈദുല്ല എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 2.30 കോടി രൂപ കെട്ടിടമുണ്ടാക്കാൻ അനുവദിച്ചിട്ടുണ്ട്. ആദ്യ രണ്ട് നിലയുടെ നിർമാണം സിഡ്കോയാണ് നടത്തുന്നത്. ഇത് പൂർത്തിയായാൽ ക്ലാസ് തുടങ്ങും. കിഫ്ബി അനുവദിച്ച ഏഴ് കോടി ഉപയോഗിച്ച് കെട്ടിടം മുകളിലേക്ക് വിപുലീകരിക്കും. തുടർന്ന് താഴത്തെ രണ്ട് നിലകളിൽനിന്ന് ക്ലാസ് മാറ്റി ഇവിടെ കോൺഫറൻസ് ഹാൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഒരുക്കും.
32 ക്ലാസ് മുറികളും ശുചിമുറികളുമാണ് കെട്ടിടത്തിലുണ്ടാവുക. 2015-16 അധ്യയനവർഷത്തിലാണ് ഗവ. വനിത കോളജ് ആരംഭിച്ചത്. തുടക്കത്തിൽ കോട്ടപ്പടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക കെട്ടിടത്തിലായിരുന്നു. സ്കൂൾ വിപുലീകരണാർഥം കോളജ് പിന്നീട് മുണ്ടുപറമ്പിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി. ജില്ലയിലെ ഏക സർക്കാർ വനിത കോളജാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.