മലപ്പുറം: സ്വാതന്ത്ര്യദിനത്തിലെ സായന്തനത്തിൽ തിങ്ങിനിറഞ്ഞ മലപ്പുറം ടൗൺഹാളിൽ ആവേശസ്വരത്തിൽ അദ്ദേഹം പാടി.... മദീന മുനവ്വറ സൗദമേ... മലബാറിലെ മുതിർന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനായ അസീസ് ഭായ് എന്ന എം. അബ്ദുൽ അസീസിന് സംഗീതമേഖലയിൽ സജീവമായ മക്കളും പേരക്കുട്ടികളും ശിഷ്യരും ചേർന്ന് നൽകിയ ആദരം നിറഞ്ഞ മനസ്സോടെ സദസ്സ് സ്വീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് നടന്ന പരിപാടിയിൽ മുൻമന്ത്രി ടി.കെ. ഹംസ, എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി, എഴുത്തുകാരിയും നടിയുമായ ജോളി ചിറയത്ത്, കവിയും ഗാനരചയിതാവുമായ അൻവറലി, കവി വി.പി. ഷൗക്കത്തലി, ആർട്ടിസ്റ്റ് ദയാനന്ദൻ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി എന്നിവർ ചേർന്ന് അസീസ് ഭായിയെ ആദരിച്ചു.
‘മലപ്രം സദിർ’ എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ’70കളിൽ കോട്ടപ്പടിയിൽ ‘രാഗ്തരംഗ്’ സംഗീത ക്ലബിന് തുടക്കമിട്ട അസീസ് ഭായ് ആ ക്ലബിലൂടെ തന്റെ ഒമ്പത് മക്കെളയും അവരുടെ മക്കെളയും കേരളത്തിലും വിദേശത്തും സംഗീതരംഗത്ത് സജീവമായ നിരവധി പേരെയും ഈ രംഗത്തേക്ക് കൊണ്ടുവന്ന പ്രതിഭയാണ്. ഇവരിൽ മിക്കവരും ‘മലപ്രം സദിറി’ൽ പാടി. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സംഗീത പരിപാടിയിൽ അസീസ് ഭായിയുടെ മക്കളും സംഗീതമേഖലയിൽ ശ്രദ്ധേയരുമായ ഗായിക നിസ് അസീസി, തബലിസ്റ്റുകളായ മുജീബ് റഹ്മാൻ, മുഹമ്മദ് അക്ബർ, കീബോർഡ് ആർട്ടിസ്റ്റ് മുഹമ്മദ് സലീൽ, സൂഫി ഗായകൻ ഇമാം മജ്ബൂർ, മരുമകളും മാപ്പിളപ്പാട്ടിന് ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവുമായ മുക്കം സാജിത, തെലുങ്ക്-തമിഴ്-കന്നട സിനിമസംഗീതരംഗത്ത് പ്രശസ്തനായ റാസി തുടങ്ങിയ കുടുംബാംഗങ്ങളും സംബന്ധിച്ചു. ശിഷ്യരും സംഗീതമേഖലയിൽ പ്രശസ്തരുമായ സിത്താറിസ്റ്റ് യൂസുഫ് ഹാറൂൺ, ക്ലാരനെറ്റ് വിദഗ്ധൻ ബഷീർ പെരുമ്പള്ളി, ഹാർമോണിസ്റ്റും സംഗീത സംവിധായകനുമായ ഗഫൂർ, എം. ഖയാം തുടങ്ങിയവരും ആദരത്തിന് മാറ്റേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.