മലപ്പുറം: ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് രണ്ടാംഘട്ട നിർമാണപ്രവർത്തനം തുടങ്ങി. പദ്ധതി പ്രവൃത്തി തുടങ്ങി ഏഴ് വർഷം പിന്നിടുമ്പോഴാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടുകോടി രൂപയുടെ പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്. പി. ഉബൈദുല്ല എം.എൽ.എ നിർമാണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
യാർഡിന്റെയും കെട്ടിടത്തിന്റെയും അവശേഷിക്കുന്ന നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. ആറുമാസത്തിനകം ജോലി പൂർത്തീകരിക്കും. 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ട് ഉപയോഗിച്ചുള്ള സിവിൽ-ഇലക്ട്രിക്കൽ പ്രവൃത്തികൾ കൂടി പൂർത്തീകരിക്കുന്നതോടെ ഏറെനാളത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും.
2016 ജനുവരിയിൽ ആരംഭിച്ചെങ്കിലും ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലുനില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തികൾ മാത്രമാണ് പൂർത്തിയാക്കിയിരുന്നത്. ജില്ലയുടെ സുപ്രധാന പദ്ധതിയായിട്ടും സർക്കാർ അവഗണനകാരണം പ്രവൃത്തി നിലച്ചുകിടക്കുകയായിരുന്നു.
യോഗത്തിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ, കൗൺസിലർമാരായ പി.എസ്.എ. ശബീർ, സഹീർ മച്ചിങ്ങൽ, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.