മലപ്പുറം: ജനസംഖ്യയിൽ ഒന്നാമതും വിസ്തൃതിയിൽ മൂന്നാമതും നിൽക്കുന്ന ജില്ലക്കിന്ന് 52 വയസ്സ്. ജീവൻ വാരിപ്പിടിച്ച് പത്തേമാരികളിൽ ആടിയുലഞ്ഞ് കടൽ കടന്ന് ജീവിതം കരക്കടുപ്പിച്ച പ്രവാസികളുടെ വിയർപ്പിൽ കിളിർത്ത പ്രദേശം. അതിശയിപ്പിക്കുന്ന മാറ്റമാണ് അരനൂറ്റാണ്ടിനിടയിൽ ജില്ല കൈവരിച്ചത്. കണ്ണീരിെൻറയും കിനാവിെൻറയും ഒരായിരം കഥകൾ പറയാനുണ്ട് ഇവിടത്തുകാർക്ക്. സമര പോരാട്ടങ്ങളുടെയും കള്ളപ്രചാരണങ്ങളുടെയും ചൂടറിഞ്ഞാണ് മലപ്പുറം വളർന്നത്.
പാലക്കാട് ജില്ലയിൽനിന്ന് പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളും കോഴിക്കോടിെൻറ ഭാഗമായിരുന്ന തിരൂരും ഏറനാടും കൂട്ടിച്ചേർത്ത് 1969 ജൂൺ 16നാണ് ഇ.എം.എസ് സർക്കാർ ജില്ല രൂപവത്കരിച്ചത്. ആരെയും വിസ്മയിപ്പിക്കുന്ന സാമ്പത്തിക വളർച്ചക്കിപ്പുറവും ജനസംഖ്യാനുപാതികമായ വികസനം ഒരു മേഖലയിലും മലപ്പുറം കൈവരിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം.
തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാമതാണെങ്കിലും സന്തുലിത വികസനം ബന്ധപ്പെട്ട മേഖലകളിൽ ഉണ്ടായിട്ടില്ല.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിൽ ഇതര ജില്ലകളുമായി താരതമ്യം ചെയ്യുേമ്പാൾ അന്തരം ഭീമമാണ്. വിദ്യാഭ്യാസ മേഖലയിൽ സീറ്റുകളുടെ അപര്യാപ്ത എല്ലാ വർഷവും ചർച്ചയാവുമെങ്കിലും വിദ്യാർഥികളിപ്പോഴും നെട്ടോട്ടമോടുന്നു.
2011 കാനേഷുമാരി പ്രകാരം തന്നെ ജനസംഖ്യ 41.12 ലക്ഷമാണ്. 2021ൽ എത്തുേമ്പാൾ ഇതിന് എത്രയോ മുകളിലാവും. 16 നിയമസഭ മണ്ഡലങ്ങളുള്ള ഏക ജില്ല. താലൂക്കുകൾ ഏഴ്. വില്ലേജുകൾ 138. 94 ഗ്രാമപഞ്ചായത്തുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 12 നഗരസഭകളും.
ജില്ല ഭരണകൂടത്തിനും വിവിധ വകുപ്പ് മേധാവികൾക്കും നോക്കിയെത്താൻ കഴിയാത്ത ഭൂവിസ്തൃതിയും ജനബാഹുല്യവും. രണ്ട് ജില്ലകൾക്ക് സമമാണിപ്പോൾ മലപ്പുറം. ജനസംഖ്യ വളർച്ച നിരക്ക് 13.45 ശതമാനം (സംസ്ഥാന ശരാശരി 4.9 ശതമാനം). ജനസാന്ദ്രതയിൽ നാലാമതും കുടുംബങ്ങളുടെ എണ്ണത്തിൽ മൂന്നാമതും സ്ത്രീ-പുരുഷാനുപാതത്തിൽ ആറാമതുമാണ് ജില്ല.
സംസ്ഥാനത്ത് വിപ്ലവം സൃഷ്ടിച്ച പദ്ധതികളുടെ പ്രഭവേകന്ദ്രം കൂടിയാണ് മലപ്പുറം. വിവരസേങ്കതിക വിദ്യ ജനകീയമാക്കുക എന്ന ലക്ഷ്യമിട്ട് തുടക്കം കുറിച്ച അക്ഷയ പദ്ധതി അതിലൊന്നാണ്.
ജനകീയ പങ്കാളിത്തത്തോടെയുള്ള സാന്ത്വന പരിചരണ പരിപാടിക്ക് തുടക്കമിട്ടതും ജില്ലയിൽ. കുടുംബശ്രീ പ്രസ്ഥാനം പിറവിയെടുത്തതും ഇവിടെ തന്നെ. മാനസിക വെല്ലുവിളി നേരിടുന്നവർക്കായി ആവിഷ്കരിച്ച പ്രതീക്ഷ, അന്ധർക്കായി നടപ്പാക്കിയ െബ്രയിൽ സാക്ഷരത എന്നിവയും മാതൃക പദ്ധതികൾ.
ജില്ലക്ക് വൻ പ്രതീക്ഷ നൽകിയ ഇഫ്ളു, ആയുർവേദ സർവകലാശാല, െഎ.െഎ.എസ്.ടി, െഎ.ഇ.ടി തുടങ്ങിയ പല വൻകിട പദ്ധതികളും വിസ്മൃതിലാണിപ്പോൾ. വിശാല കാമ്പസ് ഒരുക്കിയിട്ടും അലീഗഢ് കേന്ദ്രം അവഗണിക്കപ്പെടുന്നു. ജില്ലയിൽ നിർത്താതെ പോകുന്ന ദീർഘദൂര ട്രെയിനുകൾ നിരവധി.
തീരദേശ, മലയോര പാത വികസനം ലക്ഷ്യംകണ്ടിട്ടില്ല. പ്രൈമറി മുതൽ കോളജ്തലം വരെ പഠനസൗകര്യങ്ങൾ ഇപ്പോഴും അപര്യാപ്തം. ഫുട്ബാളിെൻറ ഇൗറ്റില്ലമായ മലപ്പുറത്തിെൻറ വളർച്ചക്ക് കായികമന്ത്രി വി. അബ്ദുറഹ്മാെൻറ ഇടപെടലുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
അതിരുകളില്ലാത്ത വികസന സ്വപ്നങ്ങൾ ജില്ലക്കുണ്ട്. വിശാലമായ തീരദേശത്തിെൻറ സാധ്യതകൾ പ്രയോജനപ്പെടുത്തി വ്യാവസായികവും വിനോദസഞ്ചാരപരവുമായ വികസനം വേണം. പൊന്നാനി വാണിജ്യ തുറമുഖവും താനൂർ ഫിഷിങ് ഹാർബറും എത്രയും വേഗം യാഥാർഥ്യമാക്കണം. പ്രകൃതി-ആയുർവേദ-സാംസ്കാരിക ടൂറിസത്തിെൻറ സാധ്യതകളും പ്രയോജനപ്പെടുത്തണം.
സർക്കാർ പദ്ധതികൾ ഫലപ്രാപ്തിയിലെത്താത്തതിന് കാരണം തിരയുേമ്പാൾ തെളിയുന്നത് വിസ്തൃതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിയാണ്. ഇതിന് പരിഹാരമായി ജില്ല വിഭജിക്കണമെന്ന നിർദേശം ഉയർന്നുവന്നിട്ടുണ്ട്. ഭരണപരമായ അസൗകര്യങ്ങൾ വികസനത്തുടർച്ചക്ക് തടസ്സമാകുന്നുണ്ടെന്ന് ബോധ്യമായിട്ടും മാറി വരുന്ന സർക്കാറുകൾ അനങ്ങിയിട്ടില്ല.
ഭരണപരമായ സൗകര്യത്തിന് വേണ്ടിയുള്ള നിർദേശമായിട്ടും അതിനപ്പുറമുള്ള മാനങ്ങൾ നൽകി ഈ ചർച്ചകളെ മുളയിലേ നുള്ളാനുള്ള പ്രവണതകളും കണ്ടുവരുന്നു. മലപ്പുറത്തിന് ഇത്രയൊക്കെ മതിയെന്ന അധികാരികളുടെ മനോഭാവവും പ്രശ്നമാണ്. മഞ്ചേരി െമഡിക്കൽ കോളജ് നാട്ടുകാർ പിരിവെടുത്തുകൂടി ഉണ്ടാക്കിയതാണ്. വികസന വിടവുകൾ പരിഹരിച്ചുള്ള മുന്നേറ്റത്തിന് മലപ്പുറത്തെ സജ്ജമാക്കാൻ ഭരണസംവിധാനം അഴിച്ചുപണിയുകതന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.