സംസ്ഥാന സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ആദ്യദിനം രണ്ട് സ്വർണം

സ്വന്തം റെക്കോഡ് തിരുത്തി അപർണ റോയി

സംസ്ഥാന സീനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വന്തം റെക്കോഡ് തിരുത്തി അപർണ റോയ്. മീറ്റിന്‍റെ ഒന്നാം ദിവസം ആദ്യ റെക്കോഡ് സ്വന്തമാക്കിയതും കോഴിക്കോടിനായി ട്രാക്കിലിറങ്ങിയ അപർണയാണ്. 2018ൽ അപർണ റോയി തന്നെ നേടിയ 14.10 സെക്കൻഡ് എന്ന റെക്കോഡാണ് തിരുത്തിയത്. 13.82 സെക്കൻഡാണ് പുതിയ റെക്കോഡ്. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ അപർണ നിരവധി ദേശീയ, സംസ്ഥാന മീറ്റുകളിൽ സ്വർണ മെഡലുകൾക്കും റെക്കോഡുകൾക്കും ഉടമയാണ്. മാർ ഇവാനിയോസ് കോളജിൽ അവസാന വർഷ ബി.കോം വിദ്യാർഥിയാണ്. ഒഡിഷയിൽ ഈയിടെ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ കേരള സർവകലാശാലക്കായി വെള്ളി മെഡലും നേടിയിരുന്നു.

നയനയെ പിന്തള്ളി ശ്രുതി ലക്ഷ്മി

വനിതകളുടെ ലോങ് ജംപിൽ സംസ്ഥാന സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇറങ്ങിയ ഇന്ത്യൻതാരം നയന ജെയിംസിനെ മറികടന്ന് റെക്കോഡ് സ്വന്തമാക്കി കണ്ണൂരിന്‍റെ എൽ. ശ്രുതി ലക്ഷ്മി. കഴിഞ്ഞ ഫെഡറേഷൻ കപ്പിലടക്കം റെക്കോഡ് സ്വന്തമാക്കിയ നയനയെ മറികടന്നാണ് ശ്രുതി ലക്ഷ്മിയുടെ നേട്ടം. ശ്രുതി 6.37 മീറ്റർ ചാടിയപ്പോൾ നയന 6.33 മീറ്റർ ദൂരമാണ് പിന്നിടാനായത്. 2007ൽ തിരുവനന്തപുരത്തിന്‍റെ രശ്മി ബോസ് സ്ഥാപിച്ച 6.22 മീറ്റർ റെക്കോഡാണ് ഇരുവരും തകർത്തത്. ശ്രുതി കൊല്ലം നീണ്ടകര സ്വദേശികളായ രഘുനാഥൻ പിള്ള- ലത ദമ്പതിമാരുടെ മകളാണ്. മംഗലാപുരം ആലുവാസ് കോളജിലെ എം.എ ജേണലിസം വിദ്യാർഥിയാണ്. അജിത് കുമാറാണ് ശ്രുതിയുടെ പരിശീലകൻ. നയന ആദ്യ ശ്രമത്തിൽ തന്നെ നിലവിലെ മീറ്റ് റെക്കോഡ് മറികടന്ന് 6.28 മീറ്റർ ചാടി. നാലാം ശ്രമത്തിൽ 6.30ഉം അഞ്ചാം ചാട്ടത്തിൽ 6.33 എന്ന മികച്ച ദൂരവും പിന്നിട്ടത്. ശ്രുതി തന്‍റെ മൂന്നാം ശ്രമത്തിലാണ് 6.37 മീറ്റർ ചാടി റെക്കോഡ് സ്വന്തമാക്കിയത്.

ആദ്യ മീറ്റിൽ റെക്കോഡ് സ്വന്തമാക്കി അലക്സ്

സംസ്ഥാന സീനിയർ മീറ്റിൽ ആദ്യമായി ഇറങ്ങി റെക്കോഡുമായി മടങ്ങി അലക്സ്പി. തങ്കച്ചൻ. തൃശൂരിന് വേണ്ടിയാണ് കണ്ണൂർ ആലക്കോട് സ്വദേശിയായ അലക്സ് ഇറങ്ങിയത്. 25 വർഷം പഴക്കമുള്ള റെക്കോഡാണ് അലക്സ് തകർത്തത്. 1997ൽ ആലപ്പുഴക്കായി ബി. ലാൽ ബാബുവിന്‍റെ 44.62 മീറ്റർ എന്ന റെക്കോഡാണ് മറികടന്നത്. ചെന്നൈ മദ്രാസ് ക്രിസ്ത്യൻ കോളജിൽ വിദ്യാർഥിയാണ്. ആലക്കോട് ചാമ്പക്കൽ വീട്ടിൽ തങ്കച്ചൻ - മോളി ദമ്പതികളുടെ മകനാണ്.

400ൽ രാഹുലിനും നേട്ടം

സീനിയർ അത്ലറ്റിക് മീറ്റിന്‍റെ 400 മീറ്ററിൽ കോട്ടയത്തിന്‍റെ രാഹുൽ ബേബിക്കും റെക്കോഡ്. ഇന്ത്യൻ നേവിയിൽ ജീവനക്കാരനായ രാഹുൽ 47.22 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 2007ൽ തൃശൂരിനായി ബിബിൻ മാത്യു നേടിയ 47.4 സെക്കൻഡ് എന്ന റെക്കോഡാണ് മറികടന്നത്. 2018ൽ അന്തർ സർവകലാശാല മീറ്റിൽ 400 മീറ്റർ, 2019 ഇന്‍റർ സർവിസ് മീറ്റിൽ 400 മീറ്ററിലും രാഹുൽ സ്വർണം നേടിയിട്ടുണ്ട്. വനിതകളുടെ 400 മീറ്ററിൽ മലപ്പുറത്തിന്‍റെ ആർ. ആരതിക്കാണ് സ്വർണം. തിരൂർ സ്പ്രിന്‍റ് ഹർഡിൽസ് അക്കാദമിയിൽ എം.എസ്. അനന്തുവിന്‍റെ കീഴിലാണ് പരിശീലനം. എറണാകുളം തേവക്കൽ രഘുനാഥ് - അജിത ദമ്പതികളുടെ മകളാണ്. ക്രൈസ്റ്റ് ഇരിങ്ങാലക്കുട കോളജിലെ ബിരുദ വിദ്യാർഥിനിയാണ്. കഴിഞ്ഞ സീനിയർ മീറ്റിലും 400ൽ സ്വർണം നേടിയിട്ടുണ്ട്. 400 മീറ്റർ ഹർഡിൽസാണ് പ്രധാന ഇനം. ദേശീയ സ്കൂൾ മീറ്റിൽ ഈ ഇനത്തിൽ സ്വർണം നേടിയിരുന്നു.

ഡിസ്കസിൽ സ്വർണം വിടാതെ തൗഫീറ

സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഡിസ്കസ് ത്രോയിലും സ്വർണം വിടാതെ സി.പി. തൗഫീറ. കാസർകോടിനായി മത്സരിക്കുന്ന തൗഫീറ 37.76 മീറ്റർ ദൂരം എറിഞ്ഞാണ് ഇക്കുറി സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം 39.72 മീറ്റർ എറിഞ്ഞ് മീറ്റ് റെക്കോഡ് നേടിയ തൗഫീറക്ക് ഇക്കുറി തിരിച്ചടിയായത് മഴയാണ്.

മികച്ച പ്രകടനം ലക്ഷ്യമിട്ടിരുന്നെങ്കിലും മഴ പെയ്ത് കുതിർന്ന സെക്ടറിൽ വഴുക്കലുണ്ടായത് ബാധിച്ചതായി താരം പറഞ്ഞു. ഏഴു തവണയാണ് സീനിയർ മീറ്റിൽ സ്വർണം നേടിയത്. ദേശീയതലത്തിൽ രണ്ടുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവുമടക്കം അഞ്ച് മെഡലുകൾ നേടിയിട്ടുണ്ട്. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ അഷ്റഫിന്‍റെയും സുഹ്റാബിയുടെയും മകളായ തൗഫീറ കാസർകോട് കെ.സി. ത്രോസ് അക്കാദമിയിൽ കെ.സി. ഗിരീഷിന്‍റെ കീഴിൽ പരിശീലനം. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ രണ്ടാം വർഷ ബി.എ മലയാളം വിദ്യാർഥിയാണ്.

Tags:    
News Summary - Malappuram won two gold medals on the first day of the state senior athletics championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.