മഞ്ചേരി: ഈ തപാൽ ദിനത്തിൽ സ്റ്റാമ്പ് ശേഖരണം ഹോബിയാക്കി മാറ്റിയ ഒരാളെ പരിചയപ്പെടാം. തൃപ്പനച്ചി എ.യു.പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ എം.സി. അബ്ദുൽ അലിയാണ് വ്യത്യസ്തവും അപൂർവവുമായ സ്റ്റാമ്പുകൾ ശേഖരിക്കുന്നത്. ഇന്ത്യ, റഷ്യ, മലാവി, ഫ്രാൻസ്, ഇറ്റലി, ശ്രീലങ്ക തുടങ്ങിയ 140ൽപരം രാജ്യങ്ങളുടെ ആയിരകണക്കിന് സ്റ്റാമ്പുകൾ ഇദ്ദേഹത്തിെൻറ ശേഖരത്തിലുണ്ട്. സ്റ്റാമ്പുകൾക്ക് പുറമെ ബ്രിട്ടീഷ് പോസ്റ്റ് കാർഡുകൾ, സ്വതന്ത്ര ഇന്ത്യ ഇറക്കിയ പോസ്റ്റ്കാർഡുകൾ, കവറുകൾ എന്നിവയും ശേഖരത്തിലുണ്ട്.
1897ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പാണ്ടിക്കാട്ടെ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിക്കയച്ച കത്ത് വാഹന സൗകര്യമോ മറ്റോ ഇല്ലാത്ത കാലത്ത് മൂന്നുദിവസം കൊണ്ടാണ് അദ്ദേഹത്തിെൻറ കൈകളിലെത്തിയത്. ഈ അപൂർവ പോസ്റ്റ് കാർഡും ശേഖരത്തിലുണ്ട്. അതുപോലെ ബ്രട്ടീഷ് രാജാക്കന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നിരവധി സ്റ്റാമ്പുകളും വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധിയൻ സ്റ്റാമ്പുകളും പോസ്റ്റ് കാർഡുകളും തിരുവിതാംകൂറിലെ വിവിധ രാജാക്കന്മാരുടെ വ്യത്യസ്ത സ്റ്റാമ്പുകളും പക്കലുണ്ട്.
സ്വതന്ത്ര ഇന്ത്യയിൽ ഇറങ്ങിയ വിവിധ സ്റ്റാമ്പുകളും കേരളത്തിലെ പ്രധാന സാമൂഹ്യ പരിഷ്കർത്താക്കളുടെ സ്റ്റാമ്പുകളും ലോകത്തിലെ രണ്ടാമത്തെ സ്റ്റാമ്പായ പെന്നി റെഡ്, കൃഷി തീമായി ഇറക്കിയ സ്റ്റാമ്പുകൾ, റഷ്യയുടെ ഏറ്റവും ചെറിയ സ്റ്റാമ്പു കറൻസി എന്നിവയും ശേഖരണത്തിൽ കാണാം.
ഇന്ത്യ പോസ്റ്റ് സ്വന്തം ഫോട്ടോ പതിച്ച് സ്റ്റാമ്പ് ഇറക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. നൂറ് കണക്കിന് പോസ്റ്റ് കവറുകളും ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ കത്തിടപാടിനായി ഉപയോഗിച്ച ധാരാളം കാർഡുകളും ശേഖരണത്തിൽ കാണാം. സ്കൂൾ പഠനകാലത്ത് ആരംഭിച്ചതാണ് ഈ വിനോദം എന്ന് അബ്ദുൽ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.