മഞ്ചേരി: കൊട്ടിഘോഷിച്ച് നടപ്പാക്കിയ മഞ്ചേരിയിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്ന പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാൻ അണിയറയിൽ നീക്കം. 2020ൽ ആരംഭിച്ച പ്രവൃത്തിയാണ് നാലുവർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാതെ കിടക്കുന്നത്. ഇതോടെ കോടികൾ മുടക്കി തുടങ്ങിയ പദ്ധതി പൂർണമാകില്ലെന്ന് ഏെറക്കുറെ ഉറപ്പായി. പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിലുള്ള ചേരിപ്പോരും പ്രശ്നത്തിന് ആക്കം കൂട്ടി. 13 കോടി രൂപയുടെ പദ്ധതിയാണിത്. ഇനി അഞ്ചുകിലോ മീറ്റർ ദൂരം പൈപ്പിടാനുണ്ട്. 33 കിലോമീറ്റര്‍ ദൂരം പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകൾ പലപ്പോഴും പൊട്ടുന്നത് ജലവിതരണത്തിന് തിരിച്ചടിയായി. ഇതിന് പരിഹാരം കാണാനാണ് പദ്ധതി തയാറാക്കിയത്. 35 വര്‍ഷം പഴക്കമുള്ള എ.സി പൈപ്പുകള്‍ മാറ്റി ഡി.ഐ പൈപ്പാണ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
2020ലാണ് റോഡ് പൊളിച്ച് പ്രവൃത്തി തുടങ്ങിയത്. കോവിഡ് കാലവും ലോക് ഡൗണും ആയമായതിനാൽ പ്രവൃത്തി അതിവേഗം പുരോഗമിച്ചു. വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും ഗുണം ചെയ്തു. പൈപ്പിടാനായി പൊളിച്ച ഭാഗം നന്നാക്കാത്തതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിൽ കൊമ്പുകോർത്തതോടെ പൈപ്പിടൽ തടസ്സപ്പെട്ടു. പൊളിച്ച റോഡുകൾ നന്നാക്കിയതിന് ശേഷം മാത്രം ബാക്കി ഭാഗം പൈപ്പിടാൻ റോഡുകൾ കീറാൻ അനുമതി നൽകിയാൽ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയതോടെ 2021 ഡിസംബറിന് ശേഷം റോഡ് പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിട്ടില്ല. ആ വർഷം ഒക്ടോബറിലാണ് അവസാനമായി പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നത്. പിന്നീട് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഇരു വകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ച് പലതവണ യോഗം ചേർന്നെങ്കിലും തീരുമാനം ആയില്ല. പഴയ എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി നടത്തിയാൽ സാമ്പത്തിക ബാധ്യത വരുമെന്ന് കരാറുകാരനും നിലപാടെടുത്തു. അനുമതി ലഭിക്കാതിരുന്നതോടെ പ്രവൃത്തി നിർത്തുകയാണെന്നും തനിക്ക് ലഭിക്കാനുള്ള തുക ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കരാറുകാരൻ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതോടെ പ്രവൃത്തി നിർത്തിവെക്കുകയും ചെയ്തു.
എന്നാൽ, പദ്ധതിയിലുള്ള ബാക്കി ഭാഗം പുതിയ ടെൻഡർ നൽകി പ്രവൃത്തി നടത്താൻ നടപടി ഉണ്ടായില്ല. പുതിയ എസ്റ്റിമേറ്റ് തയാറാക്കുകയാണെന്നും ഇതിന് കിഫ്ബിയുടെ അനുമതി ലഭിക്കണമെന്നും പറയുന്ന വാട്ടർ അതോറിറ്റി അധികൃതർ പദ്ധതി ഇനി നടക്കാൻ സാധ്യത കുറവാണെന്നും പറഞ്ഞു. പുതിയ എസ്റ്റിമേറ്റിന് ഇനി അനുമതി ലഭിക്കില്ലെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. പഴയ പൈപ്പുകള്‍ പൊട്ടി നഗരത്തില്‍ പലയിടത്തും വെള്ളം പാഴാവുന്നത് പതിവായതോടെയാണ് പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ ജലവകുപ്പ് തീരുമാനിച്ചത്. പൈപ്പിടുന്നതിനായി പൊളിച്ച റോഡ് പൂര്‍ണമായും ടാര്‍ ചെയ്യാത്തതായിരുന്നു പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിക്കാന്‍ കാരണം. പാണ്ടിക്കാട് റോഡിലും നിലമ്പൂർ റോഡിലുമായി ഇനി അഞ്ച് കിലോമീറ്റര്‍ ദൂരത്താണ് പൈപ്പുകള്‍ സ്ഥാപിക്കാനുള്ളത്. റോഡിന്റെ ഒരുഭാഗത്തെ പ്രവൃത്തികളാണ് പൂര്‍ത്തിയായത്. പദ്ധതി ഉപേക്ഷിച്ചാൽ മഞ്ചേരിയെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാകും. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ഈ വേനൽക്കാലത്തും വെള്ളത്തിന് പ്രയാസം നേരിടും. ഉപേക്ഷിക്കുന്നതിന് പകരം ബന്ധപ്പെട്ടവർ തന്നെ മുന്നിട്ടിറങ്ങി പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് പൊതുവികാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.