മഞ്ചേരി: പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളെ വട്ടംകറക്കി കാലിക്കറ്റ് സർവകലാശാല. ഒരു സൗകര്യവും ഒരുക്കാതെയാണ് അധികൃതർ മഞ്ചേരിയിൽ പരീക്ഷ നടത്തിയത്. വിവിധ കോഴ്സുകളിലെ നാലാം സെമസ്റ്റർ പരീക്ഷക്കെത്തിയ വിദ്യാർഥികളാണ് വട്ടംകറങ്ങിയത്. റെഗുലർ, വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് മഞ്ചേരി എൻ.എസ്.എസ് കോളജായിരുന്നു പരീക്ഷ സെൻറർ. വാഴ്സിറ്റിക്ക് കീഴിൽ മറ്റ് ജില്ലകളിൽ പഠനം നടത്തുന്നവർക്കും സെൻറർ ഇവിടെ തന്നെയായിരുന്നു.
രാവിലെ പരീക്ഷക്കെത്തിയ വിദ്യാർഥികൾ കോളജിലെത്തിയപ്പോൾ വേണ്ടത്ര സൗകര്യങ്ങളോ നിർദേശങ്ങളോ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല. കോളജിൽ ഉൾക്കൊള്ളാവുന്നതിലും അധികം കുട്ടികളും എത്തി. ഇതോട മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ മാനേജറുമായി ബന്ധപ്പെട്ട് അവിടെ സൗകര്യം ഒരുക്കി. വിദ്യാർഥികളെ പലതവണ കോളജിൽനിന്ന് സ്കൂളിലേക്കും തിരിച്ചും അയക്കുകയും ചെയ്തു. ഒടുവിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി എത്തിയതോടെ സ്കൂളിൽ തന്നെ ക്ലാസ് റൂം കണ്ടെത്തി സൗകര്യം ഒരുക്കുകയായിരുന്നു. ചോദ്യപേപ്പർ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകിയാണ് പരീക്ഷ നടത്തിയത്.
ഉച്ചക്ക് 1.30ന് ആരംഭിക്കേണ്ട പരീക്ഷ തുടങ്ങിയത് 2.30ന്. പിന്നീട് ഒരുമണിക്കൂർ കൂടി അനുവദിച്ച് അഞ്ചരക്ക് അവസാനിപ്പിച്ചു. ഒരാഴ്ച മുമ്പ് നടന്ന പരീക്ഷയിൽ ഒരു ബെഞ്ചിൽ അഞ്ച് വിദ്യാർഥികൾ ഇരുന്നാണ് പരീക്ഷ എഴുതിയിരുന്നത്.
അതേസമയം, കോവിഡ് കാരണം ജില്ലയിൽ ഒരു പരീക്ഷ സെൻറർ എന്ന രീതി നടപ്പാക്കിയപ്പോൾ എൻ.എസ്.എസ് കോളജിൽ കുറെയധികം കുട്ടികളെത്തിയെന്നും വരുംദിവസങ്ങളിലെ പരീക്ഷകൾക്ക് വിദ്യാർഥികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും യൂനിവേഴ്സിറ്റി അധികൃതർ വിശദീകരിച്ചു. നോട്ടീസ് ബോർഡിൽ വിവരങ്ങൾ പ്രദർശിപ്പിക്കാമെന്നും അറിയിച്ചു. അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ച് അനൗൺസ്മെൻറും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.