മഞ്ചേരി: പൊതുമരാമത്ത് പ്രവൃത്തി വൈകിയതിന് കരാറുകാരന് ഓഡിറ്റ് വിഭാഗം ചുമത്തിയ പിഴത്തുക ഒഴിവാക്കി നൽകിയ തീരുമാനം തിരുത്തി നഗരസഭ. പിഴത്തുക തിരിച്ചുപിടിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാൻ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.
മഞ്ചേരി നഗരത്തിലെ ഡോക്ടേഴ്സ് കോളനി, മെഡിക്കൽ കോളജ് റോഡ്, ടൗൺ ഹാൾ, മലപ്പുറം റോഡ് എന്നിവയിലെ അഴുക്കുചാൽ നിർമാണം എന്നിവ യഥാസമയം പൂർത്തീകരിക്കാത്തതിന് കരാറുകാരനിൽ നിന്ന് 3.33 ലക്ഷം രൂപ ഈടാക്കാൻ ഓഡിറ്റ് റിപ്പോർട്ട് ഉണ്ടായിരുന്നു.
മുനിസിപ്പൽ എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാറുകാരന് പിഴ സംഖ്യ ഒഴിവാക്കാനും അക്കാര്യം ഓഡിറ്റ് വിഭാഗത്തെ അറിയിക്കാനും നഗരസഭ കഴിഞ്ഞമാസം മൂന്നിന് ചേർന്ന യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
എന്നാൽ പിഴ ഒഴിവാക്കാൻ തീരുമാനിച്ചത് വിവാദമായതോടെയാണ് വിഷയം വീണ്ടും ചർച്ച ചെയ്തത്. നിർവഹണ ഉദ്യോഗസ്ഥൻ നഗരസഭയെ തെറ്റിദ്ധരിപ്പിച്ചതാണ് പിഴത്തുക ഒഴിവാക്കി നൽകാൻ വഴിവെച്ചതെന്ന് യു.ഡി.എഫ് കൗൺസിലർ കണ്ണിയൻ അബൂബക്കർ പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കാനും കരാറുകാരനെ രക്ഷിച്ചെടുത്ത നടപടി റദ്ദാക്കാനും നഗരസഭ തീരുമാനിച്ചു. ഇക്കാര്യം ജോയൻ്റ് ഡയറക്ടർ മുഖേന ഓഡിറ്റ് വിഭാഗത്തെ അറിയിക്കും.
രാഷ്ട്രീയ പ്രേരിതമായി ചില കരാറുകാരെ നഗരസഭ വേട്ടയാടുകയാണെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. കരാറുകാരനെ ഒഴിവാക്കുന്ന കാര്യം സപ്ലിമെന്ററി അജണ്ടയിലാണ് ഉൾപ്പെടുത്തിയത്. ആ അജൻഡയുടെ പകർപ്പ് നൽകിയില്ല. ഓഡിറ്റ് പരാമർശം വന്ന് മാസങ്ങൾക്കു ശേഷം വിഷയം വിവാദമാക്കിയതിനുപിന്നിൽ യു.ഡി.എഫിലെ അനൈക്യമാണെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, കൗൺസിലർമാരായ അഷ്റഫ് കാക്കേങ്ങൽ, മരുന്നൻ മുഹമ്മദ്, ടി.എം. നാസർ, പ്രേമ രാജീവ്, സി.പി. അബ്ദുൽ കരീം, ആറുവീട്ടിൽ സുലൈമാൻ, അസീസ് തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, നിർവഹണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സെക്രട്ടറി ഇൻ ചാർജുള്ള മുനിസിപ്പൽ എൻജിനീയർ പി. സതീഷ് കുമാർ കുമാർ അറിയിച്ചു. നഗരസഭയിൽ മൂന്ന് അസി. എൻജിനീയർ വേണ്ട സ്ഥാനത്ത് ഒരാളാണുള്ളതെന്നും ജോലി ഭാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.