മഞ്ചേരി: മുന്നണി ധാരണപ്രകാരം കിട്ടിയ നഗരസഭ ഉപാധ്യക്ഷ പദവിക്കായി േകാൺഗ്രസിൽനിന്ന് മൂന്ന് പേർ രംഗത്തെത്തിയതോടെ ഒടുവിൽ വീതംവെപ്പിലൂടെ പ്രശ്നത്തിന് പരിഹാരം. ആദ്യത്തെ ഒന്നര വർഷം ഡി.സി.സി സെക്രട്ടറി അഡ്വ. ബീന ജോസഫും ശേഷിക്കുന്ന മൂന്നര വർഷം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.പി. ഫിറോസും വൈസ് ചെയർമാൻ പദവി വഹിക്കും. സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതൽ 2022 ജൂൺ 30 വരെയാണ് ബീനക്ക് പദവി വഹിക്കാനാകുക. തുടർന്ന് കൗൺസിൽ കാലാവധി അവസാനിക്കുന്നത് വരെ മുൻ വൈസ് ചെയർമാൻകൂടിയായ വി.പി. ഫിറോസ് പദവി വഹിക്കും.
ഇവർ രണ്ട് പേർക്ക് പുറമെ മുതിർന്ന അംഗമായ സി. സക്കീനയും പദവിക്കായി അവകാശം ഉന്നയിച്ചതോടെയാണ് ഉപാധ്യക്ഷ പദവി കോൺഗ്രസിന് തലവേദനയായത്. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിന് നടക്കാനിരിക്കെ 12നാണ് ചർച്ചകൾക്കൊടുവിൽ പ്രശ്നത്തിന് പരിഹാരം കണ്ടത്. ഞായറാഴ്ച മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ച നടത്തിയിട്ടും നേതൃത്വത്തിന് പ്രശ്നത്തിന് പരിഹാരം കാണാനായിരുന്നില്ല. അഞ്ച് കൗൺസിലർമാർക്കും വോട്ടവകാശം നൽകിയിട്ടും അനിശ്ചിതത്വം തുടർന്നു.
രാത്രി വൈകിയും ചർച്ചയാവാതെ വന്നതോടെ തീരുമാനം ഡി.സി.സിക്ക് വിടുകയായിരുന്നു. തിങ്കളാഴ്ച മഞ്ചേരി കോൺഗ്രസ് ഭവനിൽ നടന്ന ചർച്ചയിലാണ് പദവി വീതംവെക്കാൻ തീരുമാനിച്ചത്. ഇത് ഐകകണ്ഠ്യേന യോഗം അംഗീകരിക്കുകയും ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ പദവി സി. സക്കീനക്ക് നൽകാനും ധാരണയായി. കോൺഗ്രസിന് അഞ്ച് അംഗങ്ങളാണുള്ളത്.
വി.പി. ഫിറോസിനെ പാർലമെൻററി നേതാവായും എൻ.ടി. സുലൈഖയെ സെക്രട്ടറിയായും ഷാനി സിക്കന്തറിനെ പാർട്ടി വിപ്പായും തെരഞ്ഞെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കെ.പി. നൗഷാദലി, എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ്, ഡി.സി.സി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി, ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, അജീഷ് എടാലത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ, കെ.പി.സി.സി അംഗം പറമ്പൻ റഷീദ്, മണ്ഡലം പ്രസിഡൻറ് ഹനീഫ മേച്ചേരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മഞ്ചേരി നഗരസഭയിലേക്ക് നടന്ന അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞടുപ്പിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ച് എൽ.ഡി.എഫ് പിന്തുണച്ച പൊതുസ്വതന്ത്ര. അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കും പിന്നീട് നടന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്കുമാണ് ഇവർ വോട്ട് ചെയ്തത്. പുല്ലഞ്ചേരിയിൽനിന്ന് വിജയിച്ച സമീന ടീച്ചറാണ് വോട്ടെടുപ്പിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട വി.എം. സുബൈദക്ക് 29 വോട്ടാണ് ലഭിച്ചത്.
യു.ഡി.എഫിന് 28 അംഗങ്ങളാണുള്ളത്. നെല്ലിക്കുത്തിൽനിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു. ഇതോടെയാണ് 29 വോട്ട് ലഭിച്ചത്. ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും ഇതേ വോട്ട് നില ആവർത്തിക്കുമെന്ന് കരുതിയപ്പോഴാണ് സമീന ടീച്ചർ യു.ഡി.എഫിന് വോട്ട് നൽകിയത്. യു.ഡി.എഫ് സ്ഥാനാർഥിയായ അഡ്വ. ബീന ജോസഫിന് 30 വോട്ട് ലഭിച്ചു. ഇടതുപക്ഷ അംഗത്തിെൻറ ഒരു വോട്ട് അസാധുവാകുകയും ചെയ്തതോടെ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 18 വോട്ടാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.