മഞ്ചേരി: ഗതാഗത നിയമലംഘനം തടയാൻ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) സഹായത്തോടെയുള്ള കാമറകൾ ജില്ലയിൽ സ്ഥാപിച്ചുതുടങ്ങി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം ജില്ലയിൽ 49 സ്ഥലങ്ങളിലാണ് അത്യാധുനിക സംവിധാനങ്ങളുള്ള കാമറ സ്ഥാപിക്കുന്നത്. കെൽട്രോണിനാണ് പദ്ധതി നടത്തിപ്പ് ചുമതല. ഇതിന്‍റെ ഭാഗമായി മഞ്ചേരിയിൽ മൂന്നിടത്ത് കാമറ സ്ഥാപിച്ചു. നിലമ്പൂർ റോഡിൽ നെല്ലിപ്പറമ്പ്, മലപ്പുറം റോഡിൽ വായ്പാറപ്പടി സ്കൂളിന് സമീപം, തുറക്കൽ ബൈപാസ് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. മാർച്ച് അവസാനത്തോടെ ഇത് പ്രവർത്തനം തുടങ്ങും. മോട്ടോർ വാഹന വകുപ്പിന്‍റെ റോഡ് സേഫ് കേരള പദ്ധതിയുടെ ഭാഗമായാണിത്. ജില്ലയിലെ പ്രധാന പാതകളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ നേരത്തേതന്നെ കൺട്രോൾ റൂം നിർമിച്ചിരുന്നു.
ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേരെ വെച്ച് യാത്ര ചെയ്യുക, ഹെൽമറ്റില്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനം ഓടിക്കുക തുടങ്ങിയവയെല്ലാം കാമറയിൽ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കാൻ പറ്റും. കൂടാതെ, നമ്പർ പ്ലേറ്റുകൾ തിരിച്ചറിഞ്ഞ് വാഹനത്തിന്‍റെ രേഖകൾ പരിശോധിക്കാനും കഴിയും. ഇതുവഴി രജിസ്ട്രേഷൻ കാലാവധി അവസാനിച്ചതും ഇൻഷുറൻസില്ലാതെയും നിരത്തിലിറങ്ങുന്ന വാഹനങ്ങൾ തിരിച്ചറിയാനും നിയമനടപടി സ്വീകരിക്കാനും സാധിക്കും. ഇതിനായി വാഹനങ്ങൾ തടഞ്ഞുനിർത്തി രേഖകൾ പരിശോധിക്കേണ്ട ആവശ്യമില്ല.
കാമറയിൽ രേഖപ്പെടുത്തുന്ന നിയമലംഘനങ്ങൾ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ സംസ്ഥാന കൺട്രോൾ റൂമിലേക്കാണ് അയക്കുക. തുടർന്ന്, അതത് ജില്ലതലത്തിൽ തയാറാക്കിയിരിക്കുന്ന കൺട്രോൾ റൂമുകളിൽനിന്ന് ഇവ ഡൗൺലോഡ് ചെയ്യും. അതത് വ്യക്തികൾക്ക് ജില്ല കൺട്രോൾ റൂമിൽ നിന്നാണ് പിഴ അടക്കാനുള്ള നോട്ടീസ് അയക്കുക. പിഴ അടച്ചില്ലെങ്കിൽ ഇ-കോടതിയിലേക്കും തുടർന്ന് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.