മഞ്ചേരി: പ്രവർത്തനം ആരംഭിച്ച് 10 ദിവസത്തിനകം 67 പരാതികൾ തീർപ്പാക്കി ചൈൽഡ് ഹെൽപ് ലൈൻ. മാതാപിതാക്കളുടെ മദ്യപാനം മൂലമുണ്ടാകുന്ന അതിക്രമങ്ങൾ, അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പ്രതികരണങ്ങൾ, കുഞ്ഞുങ്ങൾക്കെതിരായ പീഡനശ്രമങ്ങൾ, ഷെൽട്ടർ ആവശ്യങ്ങൾ ഉൾപ്പെടെ നിരവധി പരാതികളാണ് ലഭിച്ചത്. നിലവിൽ അഞ്ച് പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭയം ആവശ്യമുള്ള കുഞ്ഞുങ്ങളെ രണ്ടത്താണിയിലെ ശാന്തി ഭവനിലേക്കും തവനൂരിലെ ചിൽഡ്രൻസ് ഹോമിലേക്കുമാണ് മാറ്റുന്നത്. മൂന്നു കുട്ടികൾക്കാണ് ഇത്തരത്തിൽ അഭയം നൽകിയിട്ടുള്ളത്.
സർക്കാറിന്റെ പൂർണ നിയന്ത്രണത്തിൽ ശിശുസംരക്ഷണ യൂനിറ്റിലാണ് 24 മണിക്കൂറും ഓഫിസിന്റെ പ്രവർത്തനം. കുട്ടികൾക്കെതിരായ ലൈംഗികവും ശാരീരികവുമായ പീഡനം, ആക്രമണം, ഭിക്ഷാടനം, അശരണരായ കുട്ടികൾക്ക് അഭയം ഒരുക്കൽ തുടങ്ങി കുഞ്ഞുങ്ങൾക്കെതിരായ വിഷയത്തിലും വളരെ വേഗത്തിൽ സേവനം ലഭ്യമാകും.
പ്രോജക്ട് കോഓഡിനേറ്റർ, കൗൺസിലർ, മൂന്ന് സൂപ്പർവൈസർ, മൂന്ന് കേസ് വർക്കർ തുടങ്ങി എട്ട് ജീവനക്കാരുടെ സേവനമാണ് ഓഫിസിൽ ലഭ്യമാവുക. ഓരോ കുട്ടിക്കും ആരോഗ്യവും സന്തോഷവുമുള്ള ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവൻ കഴിവുകളും കണ്ടെത്തി വളരാൻ സഹായിക്കുക, കുട്ടികളുടെ വികസനത്തിന് സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് മിഷൻ വാത്സല്യക്ക് കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈനിന്റെ ലക്ഷ്യം. ബാലനീതി നിയമം, വിദ്യാഭ്യാസ അവകാശനിയമം, പോക്സോ, ബാലവേല എന്നീ നിയമങ്ങൾ ഫലവത്തായി നടപ്പാക്കുകയും ശൈശവ വിവാഹത്തെ തടയുകയും ചൈൽഡ് ഹെൽപ് ലൈനിന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. 18ന് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ചൈൽഡ് ഹെൽപ് ലൈനിന്റെ സേവനം ഉപയോഗപ്പെടുത്താം. മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലാണ് ജില്ല ഓഫിസ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറും 112 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാനുള്ള സേവനം ലഭിക്കും. 112 നമ്പർ പരിചിതമാകുംവരെ 1098ഉം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.