മഞ്ചേരി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് ഏറനാട് താലൂക്കിൽ അപേക്ഷകർ കുറവ്. താലൂക്കിൽ 531 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് റവന്യൂ വകുപ്പിന്റെ കണക്കിലുള്ളത്. എന്നാൽ, ഇതുവര 286 പേർ മാത്രമാണ് അപേക്ഷ നൽകിയത്. ബാക്കി 245 പേരുടെ അപേക്ഷ ലഭിച്ചിട്ടില്ല.
മലപ്പുറം നഗരസഭയിലാണ് കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്- 101. മഞ്ചേരി നഗരസഭയിൽ 93, പാണ്ടിക്കാട്- 57, പൂക്കോട്ടൂർ- 47, അരീക്കോട്- 41, ആനക്കയം- 36, എടവണ്ണ- 37, കാവനൂർ- 13, കീഴുപറമ്പ്- 15, പുൽപറ്റ- 26, തൃക്കലങ്ങോട്- 40, ഊർങ്ങാട്ടിരി- 25 എന്നിങ്ങനെയാണ് കണക്ക്. 286 പേരുടെ അപേക്ഷയിൽ 260 അപേക്ഷയും കലക്ടറേറ്റിലെത്തി. ഇതിൽ 197 പേർക്ക് പണം അക്കൗണ്ടിലേക്ക് കൈമാറി. ഈയിനത്തിൽ ഒരു കോടിയോളം രൂപ വിതരണം ചെയ്തു. 26 പേരുടെ അപേക്ഷ വിവിധ വില്ലേജ് ഓഫിസുകളിൽ കെട്ടിക്കിടക്കുകയാണ്.
26ന് മുമ്പ് മുഴുവൻ പേർക്കും പണം നൽകാനുള്ള തയാറെടുപ്പിലാണ് റവന്യൂ വകുപ്പ്. വിവിധ കാരണങ്ങളാൽ അപേക്ഷ നൽകാത്തവർ വേഗത്തിൽ നൽകണമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി നടപടികളിലും ഇളവ് വരുത്തി. മരിച്ചവരുടെ ആശ്രിതർ വിദേശത്താണെങ്കിൽ ഇ-മെയിൽ വഴിയോ മറ്റോ സമ്മതപത്രം നൽകി പകരക്കാരെ നിശ്ചയിക്കാം. ഒന്നിലേറെ പേർ ആശ്രിതരുണ്ടെങ്കിൽ ഒരാളെ മാത്രം ബന്ധുക്കൾ നിശ്ചയിച്ച് അപേക്ഷ നൽകാം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം ലഭിക്കും.
കോവിഡ് മരണ സർട്ടിഫിക്കറ്റ്: വിതരണത്തിന് സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്
മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് (ഡി.ഡി.ഡി) ലഭിക്കാത്ത മലപ്പുറം സ്വദേശികളുടെ ബന്ധുക്കള്‍ക്ക് അത് വിതരണം ചെയ്യുന്നതിന് സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. ഇതിനായി ജനുവരി 24, 25 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെയും ഉച്ചക്കു ശേഷം രണ്ടു മുതല്‍ നാലു വരെയും ജില്ല മെഡിക്കല്‍ ഓഫിസിൽ ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് എടുക്കണം. ഫോണ്‍: 04832733261.
കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിനും ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പര്‍ ലഭിക്കുന്നതിനും അക്ഷയകേന്ദ്രവുമായി ബന്ധപ്പെടണം. പട്ടികയില്‍ ഇതുവരെയും ഉള്‍പ്പെടാത്തവര്‍ അക്ഷയ കേന്ദ്രം വഴി അപ്പീല്‍ സമര്‍പ്പിക്കണം.
2431 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ശനിയാഴ്ച 2431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ആകെ 8287 സാമ്പിളുകളാണ് പരിശോധിച്ചത്. 2344 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 72 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253. 60 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
തിരുത്തല്‍ വരുത്താൻ
മലപ്പുറം ജില്ല മെഡിക്കല്‍ ഓഫിസിലെ 0483-2733261 നമ്പറില്‍ ജനുവരി 24, 25 തീയതികളില്‍ ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെയുള്ള സമയത്ത് വിളിച്ച് അപ്പോയിന്റ്മെന്റ് എടുക്കണം. അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ ജില്ല മെഡിക്കല്‍ ഓഫിസില്‍ എത്തുന്നതിന് മുമ്പായി അക്ഷയ കേന്ദ്രം വഴി 'സർട്ടിഫിക്ക് കറക്ഷൻ റിക്വസ്റ്റ്' എന്ന ഓപ്ഷന് വഴി അപേക്ഷ സമര്‍പ്പിക്കണം.
ഹാജരാക്കേണ്ട രേഖകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനം നല്കിയ മരണ സര്‍ട്ടിഫിക്കറ്റ് മരിച്ച വ്യക്തിയുടെയും ബന്ധുവിന്റെയും ഫോട്ടോ അടങ്ങിയ തിരിച്ചറിയല്‍ രേഖ. (അസ്സല് രേഖയും പകര്‍പ്പും) (ആധാർ, വോട്ടർ ഐ.ഡി, ഡ്രൈവിങ് ലൈസൻസ്) ആരോഗ്യകേന്ദ്രങ്ങള്‍ വഴി ലഭിച്ച ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്.
അപ്പോയിന്റ്മെന്റ് എടുക്കുന്നവരുടെ ശ്രദ്ധക്ക്
•കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാകണം. •വിളിക്കുമ്പോള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പര്‍ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.