മഞ്ചേരി: ചരിത്രമുറങ്ങുന്ന ഏറനാടൻ മണ്ണിൽ സി.പി.ഐയുടെ ജില്ല സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം. ചെങ്കൊടിയേന്തി ആയിരങ്ങൾ അണിനിരന്ന റാലിയോടെയാണ് സമ്മേളനക്കാലത്തിന് തുടക്കമായത്. വൈകീട്ട് അഞ്ചിന് സ്മൃതി -പതാക -കൊടിമര ജാഥകള്‍ കോഴിക്കോട് റോഡിലെ കെ. മാധവന് നായര്‍ സ്മാരകത്തിന് സമീപം സംഗമിച്ചു. റെഡ് വളന്റിയർമാരുടെയും ബാൻഡ് മേളങ്ങളുടെയും അകമ്പടിയോടെ കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡിലെത്തിച്ചേര്‍ന്നു.
സമ്മേളനകാലത്ത് ഓര്‍മയായ 90 പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നാണ് ജാഥകള്‍ പുറപ്പെട്ടത്. ആളൂർ പ്രഭാകരന്റെ കുറുമ്പത്തൂരിലെ സ്മൃതി മണ്ഡപത്തില്‍ ജില്ല അസി. സെക്രട്ടറി അജിത്ത് കൊളാടി സ്മൃതിയാത്ര ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ ടി.കെ. മധുസൂദനൻ സ്മൃതി മണ്ഡപത്തില്‍നിന്ന് തുടങ്ങിയ കൊടിമരജാഥ ജില്ല അസി. സെക്രട്ടറി ഇ. സൈതലവി ഉദ്ഘാടനം ചെയ്തു. പി. ജയപ്രകാശിന്റെ വളാഞ്ചേരിയിലെ സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ബാനർ ജാഥ ജില്ല എക്സിക്യൂട്ടിവ് അംഗം എം.എ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
പതാക ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസും കൊടിമരം സ്വാഗതസംഘം ചെയര്മാന് പി. സുബ്രഹ്മണ്യനും ബാനര്‍ പി. തുളസി ദാസ് മേനോനും ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്മാന് പി. സുബ്രഹ്മണ്യന് പതാക ഉയര്‍ത്തി. കച്ചേരിപ്പടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച ഹിൽട്ടൺ ഓഡിറ്റോറിയത്തിൽ (ടി.കെ. സുന്ദരന്‍ നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഇവിടെ തെളിയിക്കാനുള്ള ദീപശിഖ പ്രയാണം രാവിലെ ഒമ്പതിന് മുന്‍ ജില്ല സെക്രട്ടറി പി. ശ്രീധരന്റെ മഞ്ചേരിയിലെ സ്മൃതി മണ്ഡപത്തില്‍ സി.പി.ഐ സംസ്ഥാന സമിതി അംഗം വി. ചാമ്മുണ്ണി ഉദ്ഘാടനം ചെയ്യും. പി.പി. സുനീര്‍ ദീപശിഖ ഏറ്റുവാങ്ങും. സമ്മേളനത്തില്‍ കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്, കെ.ഇ. ഇസ്മായില്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ്ബാബു, സത്യന് മൊകേരി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ വി. ചാമുണ്ണി, കെ. രാജന്, ജെ. ചിഞ്ചുറാണി, പി.പി. സുനീര്‍ എന്നിവര്‍ പങ്കെടുക്കും. 220 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. റിപ്പോര്‍ട്ട് അവതരണവും ഗ്രൂപ് -സംഘടന ചര്‍ച്ചകളും നടക്കും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് തിങ്കളാഴ്ച വൈകീട്ട് കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.