മഞ്ചേരി: നഗരത്തിലെ തെരുവുനായ് ശല്യം പരിഹരിക്കാനായി അടിയന്തര നടപടി. മെഡിക്കൽ കോളജ് പരിസരത്തെ നായ്ക്കളെ പിടികൂടി ശനിയാഴ്ച മുതൽ വാക്സിനേഷൻ ചെയ്യും. പേ വിഷബാധയേൽക്കാതിരിക്കാനുള്ള കുത്തിവെപ്പാണ് നൽകുക. തെരുവുനായ് ശല്യം പരിഹരിക്കാൻ വെള്ളിയാഴ്ച നഗരസഭ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. വിദഗ്ധ പരിശീലനം ലഭിച്ചവരുടെ സഹായത്തോടെയാണ് പിടികൂടുക. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ വാക്സിനേഷൻ നടത്തും. ഡോഗ് കാച്ചർമാരുടെ സഹകരണത്തോടെ നഗരസഭയുടെ മറ്റു ഭാഗങ്ങളിലേക്കും വാക്സിനേഷൻ വ്യാപിപ്പിക്കും. വാക്സിനേഷൻ ചെയ്ത നായ്ക്കളെ തിരിച്ചറിയാൻ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മാർക്ക് ചെയ്യും. ആവശ്യമെങ്കിൽ വേട്ടേക്കോടുള്ള ഷെൽട്ടർ സംവിധാനവും ഉപയോഗപ്പെടുത്തും. എ.ബി.സി പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കൻ കൗൺസിലിലേക്ക് ശിപാർശ ചെയ്യാനും യോഗത്തിൽ ധാരണയായി. മെഡിക്കൽ കോളജ് പരിസരത്തുനിന്ന് 13 പേരെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെയാണ് നഗരസഭ അടിയന്തര യോഗം വിളിച്ചത്. 40ലധികം നായ്ക്കൾ ആശുപത്രി പരിസരത്ത് ഉണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
വേഗത്തിൽതന്നെ ഇവയെ പിടികൂടി വാക്സിനേഷൻ നടത്തണമെന്ന് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സജിത്ത് ആവശ്യപ്പെട്ടു. നിലവിൽ 500 പേർക്കുള്ള വാക്സിൻ ആശുപത്രിയിൽ സ്റ്റോക്ക് ഉണ്ടെന്നും നേരത്തേ കടിയേറ്റവർക്ക് വാക്സിൻ എടുത്തതിനാൽ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളജ് പരിസരത്ത് നായ്ക്കൾക്ക് യഥേഷ്ടം ഭക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ഇവ തമ്പടിക്കുന്നതെന്ന് വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു. നിലവിൽ ആശുപത്രി പരിസരത്ത് സന്നദ്ധ പ്രവർത്തകർ നൽകുന്ന പൊതിച്ചോർ കൂട്ടിരുപ്പുകാർ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ് യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ ടി.എം. നാസർ, ജസീനാബി അലി, സെക്രട്ടറി എച്ച്. സിമി, കൗൺസിലർമാരായ ഹുസൈൻ ഹാജി, എം.കെ. മുനീർ, എൽസി ടീച്ചർ, മരുന്നൻ സാജിദ് ബാബു, സി.പി. അബ്ദുൽ കരീം, ഷറീന ജൗഹർ, ബേബി കുമാരി, ഹെൽത്ത് സൂപ്പർവൈസർ പി. അബ്ദുൽ ഖാദർ, മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. ജലീൽ വല്ലാഞ്ചിറ, വെറ്ററിനറി സീനിയർ ഡോ. രാജൻ, ഡോ. എം. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.