മഞ്ചേരി: പയ്യനാട് എലമ്പ്രയിൽ എൽ.പി സ്കൂൾ അനുവദിക്കണമെന്ന ആവശ്യം സംബന്ധിച്ച് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ പുതിയ സ്കൂൾ അനുവദിക്കുന്നതിന് പകരം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന എൽ.പി വിഭാഗം എലമ്പ്രയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെ കുറിച്ചാണ് സർക്കാർ പരിഗണിക്കുന്നത്.
സർക്കാറിനെ ബാധ്യത വരാത്ത രീതിയിൽ മാറ്റുന്നത് സംബന്ധിച്ചാണ് ആലോചന. സ്കൂൾ സ്ഥലം മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കാനായി പ്രിൻസിപ്പൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
വിശദ റിപ്പോർട്ടും വ്യക്തമായ ശിപാർശയും സഹിതമാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അണ്ടർ സെക്രട്ടറി എൽ. സുധിലക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ചർച്ച തുടങ്ങി. അണ്ടർ സെക്രട്ടറി ഉൾപ്പെടെ പങ്കെടുത്ത ആദ്യ യോഗത്തിൽ റിപ്പോർട്ടിന് അനുകൂലമായ സമീപനമാണ് ഉണ്ടായത്. ഗേൾസ് സ്കൂളിന് കീഴിലെ എൽ.പി വിഭാഗത്തിൽ കുട്ടികൾ കുറഞ്ഞുവരുന്ന സാഹചര്യമുണ്ട്. ഇതോടെയാണ് കാലങ്ങളായി എൽ.പി സ്കൂളെന്ന ആവശ്യം ഉന്നയിക്കുന്ന എലമ്പ്രയിലേക്ക് സ്കൂൾ മാറ്റുന്നതിനെ സംബന്ധിച്ച് ചർച്ച ഉയർന്നത്.
400ലധികം കുടുംബങ്ങൾ താമസിക്കുന്ന പയ്യനാട് വില്ലേജിലെ ഉൾപ്രദേശമായ എലമ്പ്രയിൽ കുട്ടികൾ നാലും അഞ്ചും കിലോമീറ്റർ സഞ്ചരിച്ചാണ് സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ പ്രൈമറി പഠനത്തിനെത്തുന്നത്. ഈ പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിലവിൽ പ്രൈമറി സ്കൂളുകളില്ല. ചെറുകുളം ജി.എൽ.പി സ്കൂൾ, തോട്ടുപൊയിൽ ജി.എൽ.പി സ്കൂൾ എന്നിവ മൂന്ന് കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്.
ചെറാംകുത്ത് എൽ.പി സ്കൂൾ നാല് കിലോ മീറ്റർ മാറിയും വടക്കാങ്ങര ജി.എൽ.പി സ്കൂൾ അഞ്ച് കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ച കത്തിൽ മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരുന്നു. ഇതും അനുകൂല ഘടകമാകുമെന്നാണ് വിവരം. 40 വർഷത്തിലേറെയായി എൽ.പി സ്കൂൾ ആവശ്യവുമായി എലമ്പ്ര പ്രദേശത്തുകാർ സർക്കാറുകളെ സമീപിക്കുന്നുണ്ട്. ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലും എത്തി. സ്കൂളിനായി 1982-ൽ നാട്ടുകാർ പണം സ്വരൂപിച്ച് വാങ്ങിയ ഒരേക്കർ സ്ഥലം ഇപ്പോഴും വെറുതേ കിടക്കുകയാണ്.
അതേസമയം, മഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം എലമ്പ്രയിലേക്ക് മാറ്റുന്നതിരെ എതിർക്കുന്നവരുമുണ്ട്. 25 കുട്ടികൾ ഒള്ളൂവെങ്കിലും സ്കൂൾ മാറ്റരുതെന്നാണ് പി.ടി.എ.യും അധ്യാപകരും പറയുന്നത്. അടുത്ത അധ്യായന വർഷം മുതൽ ഗേൾസ് സ്കൂൾ മിക്സ്ഡ് സ്കൂൾ ആക്കി സർക്കാർ ഉത്തരവ് ഇറക്കിയതിനാൽ എൽ.പി വിഭാഗം മുതൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ തയാറാകുമെന്നും വിദ്യാർഥികളുടെ എണ്ണം വർധിക്കുമെന്നും ഇവർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.