മഞ്ചേരി: ഗവ. മെഡിക്കൽ കോളജിന് സമീപത്തെ കിണറിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദയുടെ അധ്യക്ഷതയിൽ പൊതുജനാരോഗ്യ സമിതിയുടെ അടിയന്തര യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു.
പകർച്ച വ്യാധികൾ പ്രതിരോധിക്കാൻ കർശന നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളജിന് സമീപത്തെ നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നഗരസഭ ആരോഗ്യവിഭാഗവും പരിശോധന നടത്തി. അത്യാഹിത വിഭാഗം റോഡിന് സമീപത്തെ ഹോട്ടലിലേക്കും കൂൾബാറിലേക്കും വെള്ളം എടുക്കുന്ന കിണറ്റിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. ജല അതോറിറ്റിയുടെ ലാബിൽനിന്ന് പരിശോധന നടത്തിയ വെള്ളം മാത്രമേ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നുള്ളൂ എന്ന് പരിശോധനയിലൂടെ ഉറപ്പാക്കും. വെള്ളം ഫിൽട്ടർ ചെയ്യാൻ യു.വി ഫിൽറ്റർ സ്ഥാപിക്കാനും സ്ഥാപന ഉടമകളോട് നിർദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് ജ്യൂസുകളും മറ്റും തയാറാക്കാനും നിർദേശം നൽകി. ജീവനക്കാരുടെ ഹെൽത്ത് കാർഡും പരിശോധിക്കും. ഡെങ്കിപ്പനി തടയാൻ കൃഷിയിടങ്ങളിലും റബർ, കവുങ്ങ് തോട്ടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനായി കൃഷി ഓഫിസറെ യോഗം ചുമതലപ്പെടുത്തി.
മെഡിക്കൽ കോളജിലെ 10 എം.ബി.ബി.എസ് വിദ്യാർഥികൾക്കും രണ്ട് ജീവനക്കാർക്കും ഏതാനും ദിവസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഉറവിടം കണ്ടെത്താൻ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ 78 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. വൈസ് ചെയർമാൻ വി.പി. ഫിറോസ്, നഗരസഭ സെക്രട്ടറി എച്ച്. സിമി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഷീന ലാൽ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. സബിത, ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫിസർമാരായ ആർ.എം.ഒ ഡോ. സജിൻലാൽ, ജെ.എച്ച്.ഐ സി.വി. ബിശ്വജിത്ത്, ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. മുബഷിറ, വെറ്ററിനറി സർജൻ ഡോ. കുഞ്ഞിമൊയ്തീൻ, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ഷാനവാസ്, കൃഷി ഫീൽഡ് ഓഫിസർ ബിന്ദ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.