മഞ്ചേരി: പ്രസവത്തിനു ശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കുന്ന 'മാതൃയാനം' പദ്ധതിക്ക് ജില്ലയിൽ മികച്ച സ്വീകാര്യത. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ 6670 പേരാണ് പദ്ധതിയെ ആശ്രയിച്ചത്. 2019 മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ല ആശുപത്രികൾ, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരൂരങ്ങാടി, മലപ്പുറം താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) മുഖേനയാണിത്. പൊന്നാനി ആശുപത്രിയിൽ നിന്നാണ് കൂടുതൽ പേരെ വീട്ടിലെത്തിച്ചത്. 2458 പേർ പദ്ധതിയുടെ ഭാഗമായി.
മഞ്ചേരി മെഡിക്കൽ കോളജ് -1120, നിലമ്പൂർ -1015, തിരൂർ -1168, പെരിന്തൽമണ്ണ -665, തിരൂരങ്ങാടി -135, മലപ്പുറം -109 എന്നിങ്ങനെയാണ് കണക്ക്. പദ്ധതി ആരംഭിച്ചതോടെ യാത്രസംവിധാനം ഓർത്ത് കുടുംബങ്ങൾ വേവലാതിപ്പെടേണ്ട സാഹചര്യം ഒഴിവായി. വാർഡിൽ നിന്ന് ആശുപത്രിക്ക് മുന്നിലെത്തുമ്പോഴേക്കും വാഹനം അവിടെയെത്തിയിട്ടുണ്ടാകും. ഇതു സംബന്ധിച്ച ഉത്തരവാദിത്തം കുടുംബത്തിന് ഉണ്ടാവില്ല. വാഹനം വരുത്തിയതിന് ശേഷം ആശുപത്രി രജിസ്റ്ററിൽ പോകേണ്ട സ്ഥലവും മറ്റു കാര്യങ്ങളും രേഖപ്പെടുത്തും. മാസാവസാനം രജിസ്റ്റർ എൻ.എച്ച്.എം ഓഫിസിലേക്ക് അയച്ചുനൽകും. ഇവർ മുഖേനയാണ് വാഹനങ്ങൾക്ക് പണം നൽകുന്നത്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമൊന്നും പദ്ധതിക്ക് ബാധകമല്ല. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന എല്ലാ അമ്മമാർക്കും പദ്ധതി പ്രയോജനപ്പെടുത്താം. ദൂരപരിധിയും തടസ്സമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.