മഞ്ചേരി: പൈപ്പുകൾ വഴി ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതകം നൽകുന്ന ഗെയിലിന്റെ സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കുന്നു. നാല് മാസത്തിനകം മഞ്ചേരിയിലെ 2000 വീടുകളിലേക്ക് കണക്ഷൻ നൽകാനാണ് ശ്രമം. നഗരസഭയിലെ ഏഴ്, എട്ട് വാർഡുകളിലാണ് ജില്ലയിൽ ആദ്യമായി പദ്ധതി ആരംഭിച്ചത്.
ഇതുവരെ 120 വീടുകളിലേക്ക് കണക്ഷൻ നൽകി. ഗെയിലിന്റെ നറുകരയിലെ വാൽവ് സ്റ്റേഷനിൽ നിന്ന് പൈപ്പ്ലൈൻ സ്ഥാപിച്ചാണ് വീടുകളിലേക്കുള്ള ഗ്യാസ് വിതരണം.അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് വാട്ടർ കണക്ഷൻ മാതൃകയിൽ വീട്ടിലെ അടുക്കളയിലേക്ക് നേരിട്ട് ലൈൻ സ്ഥാപിച്ച് നൽകും. മഞ്ചേരിക്ക് പിന്നാലെ രണ്ടാംഘട്ടത്തിൽ മലപ്പുറം നഗരസഭയിലേക്ക് പദ്ധതി വ്യാപിപ്പിക്കും. പിന്നീട് പെരിന്തൽമണ്ണ, കോട്ടക്കൽ നഗരസഭകളിലും നടപ്പാക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് പ്രതിനിധി എം. ഹരികൃഷ്ണൻ പറഞ്ഞു.
മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ പ്രധാന ആകർഷണം. എൽ.പി.ജിയെക്കാൾ 30 ശതമാനം ചെലവുകുറവാണ്. മീറ്റർ അളവുപ്രകാരമുള്ള തുക നൽകിയാൽ മതിയാകും. പൈപ്പ്ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കും പാചകവാതകം ലഭ്യമാക്കും.
എം.എം.ബി.ടി.യു (മെട്രിക് മില്യൻ ബ്രിട്ടിഷ് തെർമൽ യൂനിറ്റ്) അളവിലാണ് വാതക ഉപയോഗത്തിന്റെ കണക്കെടുക്കുക. ഒരു എം.എം.ബി.ടി.യു എന്നാൽ 26.92 കിലോഗ്രാമാണ്. ഇതിന് 1620 രൂപ 65 പൈസയാകും ഈടാക്കുക. തിരിച്ചറിയൽ രേഖ നൽകി വീടുകളിലേക്ക് കണക്ഷനെടുക്കാം. കണക്ഷൻ എടുത്ത ഉപഭോക്താവ് മാസങ്ങളോളം സ്ഥലത്തില്ലെങ്കിൽ അധികൃതരെ നേരത്തെ അറിയിച്ച് ഡിസ്കണക്ട് ചെയ്യാം. പിന്നീട് വീണ്ടും കണക്ഷൻ എടുക്കാൻ പ്രത്യേകം ഫീസും ഈടാക്കില്ല.രണ്ടുമാസത്തിലൊരിക്കൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ എടുക്കുന്ന മീറ്റർ റീഡിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും ബില്ല് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.