മഞ്ചേരി: തീപിടിത്തം ഉണ്ടായ കച്ചേരിപ്പടിയിലെ ഗ്രീൻഫീൽഡ് ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗം ഓഫിസ് പ്രവർത്തനം പുനരാരംഭിച്ചില്ല. വൈദ്യുതി, ഇൻറർനെറ്റ് ബന്ധം പുനഃസ്ഥാപിക്കാത്തതാണ് ഓഫിസ് പ്രവർത്തനം തടസ്സപ്പെടാൻ കാരണം.
വ്യാഴാഴ്ച ഓഫിസിൽ ശുചീകരണ പ്രവൃത്തികൾ തുടങ്ങി. തീപിടിത്തത്തിൽ ഓഫിസിലെ സീലിങ്, വയറിങ്, കസേരകൾ, ഷെൽഫും അതിലടങ്ങിയ ഫയലുകളും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ചുമരുകൾ ആകെ പുക പിടിച്ച നിലയിലാണ്. ഒരു കമ്പ്യൂട്ടറും മൂന്ന് പ്രിൻററുകളും മേശകളും കസേരകളും കത്തിയതാണ് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലെ കണക്ക് പ്രകാരമുള്ള നഷ്ടങ്ങൾ. വൈദ്യുതി കണക്ഷനുകളുടെയും സി.സി.ടി.വി കാമറകളുടെ കണക്കുകൾ ശേഖരിക്കുന്നതേയുള്ളൂ.
ഓഫിസിലെ സീലിങ് ഉൾപ്പെടെ തകർന്നതിന്റെയും കണക്കുകൾ ലഭ്യമായെങ്കിേല എത്ര രൂപയുടെ നഷ്ടം നേരിട്ടെന്ന് പറയാനാകൂ. ബുധനാഴ്ച പുലർച്ച 1.10 ഓടെയാണ് തീപിടിത്തം ഉണ്ടായത്. അഭയം റസിഡൻസിയിൽ പ്രവർത്തിക്കുന്ന നാലു നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന ഓഫിസിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണം. ഓഫിസിലെ സ്വിച്ച് ബോർഡിൽനിന്ന് തീ പടരുകയായിരുന്നു. ഇതിനോട് ചേർന്നുള്ള അലമാരയാണ് കത്തി നശിച്ചത്.
ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന്റെ യൂനിറ്റ് ഒന്ന്, രണ്ട്, സ്പെഷൽ തഹസിൽദാറുടെ ഓഫിസ് എന്നിവയാണ് താഴത്തെ നിലയിൽ പ്രവർത്തിക്കുന്നത്. പാലക്കാട്- കോഴിക്കോട് ദേശീയപാതയുടെ ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന്റെ ഓഫിസാണിത്. രണ്ട് നിലകളിലായാണ് ഓഫിസിന്റെ പ്രവർത്തനം. മഞ്ചേരി പൊലീസ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധ നടത്തിയിരുന്നു.
താൽക്കാലിക ജീവനക്കാരടക്കം 60 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ജീവനക്കാർ എത്തിയെങ്കിലും ഓഫിസ് പ്രവർത്തിക്കാനായില്ല. ഓഫിസ് വൃത്തിയാക്കി തിങ്കളാഴ്ചയോടെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.