മഞ്ചേരി: നറുകര, മഞ്ചേരി വില്ലേജുകളില്‍ ഭൂമിയുടെ ന്യായവില നിർണയത്തിലുണ്ടായ അപാകത പരിഹരിച്ച് സർക്കാർ ഉത്തരവ്. ന്യായവില ഭീമമായി വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഭൂവുടമകൾ നടത്തിയ നിയമപോരാട്ടമാണ് ലക്ഷ്യം കണ്ടത്. ഉദ്യോഗസ്ഥതലത്തിൽ നൽകിയ തെറ്റായ വിവരത്തെത്തുടർന്ന് സംസ്ഥാനത്തെങ്ങുമില്ലാത്ത വിധത്തിൽ മഞ്ചേരി, നറുകര വില്ലേജുകളിൽ ഭൂമിയുടെ ന്യായവില ഇരട്ടിയിലധികമായിരുന്നു. സര്‍ക്കാർ നിർദേശങ്ങളൊന്നുമില്ലാതെ 2022ൽ ജില്ല രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവിനെ തുടർന്നാണ് 200 ശതമാനം വരെ ന്യായവില നിർണയിച്ച് ഫീസുകളും മുദ്രപത്രവിലയും വൻതോതിൽ ഈടാക്കിയിരുന്നത്. ഇതാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ മറ്റു വില്ലേജുകളിലെ ന്യായവിലയോടൊപ്പമാക്കി പുതുക്കി നിശ്ചയിച്ചത്. 2019ലെ ഗസറ്റ് വിജ്ഞാപനപ്രകാരം മഞ്ചേരി, നറുകര വില്ലേജുകളിൽ നിശ്ചയിച്ച ന്യായവിലയുടെ 60 ശതമാനം വർധനവ് മാത്രം പ്രാബല്യത്തിൽ വരുത്തിയാണ് പുതിയ ഉത്തരവ്.
2010ല്‍ വിശദമായ പരിശോധനകളില്ലാതെ ഉദ്യോഗസ്ഥർ തെറ്റായി തീരുമാനിച്ച ഭൂമിയുടെ ന്യായവിലക്കൊപ്പം സർക്കാർ കാലാകാലങ്ങളിൽ വരുത്തുന്ന വർധനവും ചേർത്ത് 2022 ഫെബ്രുവരി മുതല്‍ 200 ശതമാനം അധികവിലയാണ് മഞ്ചേരി, നറുകര വില്ലേജുകളിലുള്ളവര്‍ക്ക് ബാധകമായിരുന്നത്. മറ്റു വില്ലേജുകളില്‍ ഒരു സെന്റിന് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ 5000 രൂപ വരെ പരമാവധി ഫീസ് വേണ്ടിടത്ത് മഞ്ചേരി, നറുകര വില്ലേജുകളിലുള്ളവര്‍ ഒരു സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ 25,000 മുതല്‍ 35,000 രൂപ വരെ ഫീസ് നല്‍കേണ്ട സ്ഥിതിയുണ്ടായി. സർക്കാർ നിശ്ചയിച്ച ന്യായവിലയുടെ പകുതി സംഖ്യ പോലും ഉടമക്ക് സ്ഥലവിലയായി കിട്ടിയില്ല.
കുന്നിൻപ്രദേശങ്ങളും വഴിയില്ലാത്ത സ്ഥലങ്ങളുമൊന്നും ക്രയവിക്രയം നടത്താനാകാതെ സാധാരണക്കാരും പാവപ്പെട്ടവരും വലഞ്ഞു. മഞ്ചേരിയിലും നറുകരയിലും നിശ്ചയിച്ച വില വന്നഗരങ്ങളെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു. സമീപത്തെ മറ്റു വില്ലേജുകളിലൊന്നുമില്ലാത്ത തരത്തില്‍ വന്‍തുക ഫീസും മുദ്രപത്രവിലയും നല്‍കേണ്ട ഗതികേടിലായതോടെ അപാകതക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പരാതികളിൽ പരിഹാരമാകാത്തതിനെത്തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മഞ്ചേരിയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ.എന്‍.കെ. യഹ്യയും കെ.എം. ഹുസൈൻ പുല്ലഞ്ചേരിയും 2014ല്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ജനപ്രതിനിധികളും പൊതുജനങ്ങളും പിന്തുണയും നല്കി.
2010ല്‍ ന്യായ വില നിശ്ചയിച്ചതില്‍ ഉദ്യോഗസ്ഥരുടെ പിഴവ് ഹൈകോടതി കണ്ടെത്തുകയും 2017ൽ ന്യായ വില പുനര്‍നിര്‍ണയിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. തുടർന്ന് 2019ലാണ് അപാകത പരിഹരിച്ച ന്യായ വില ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. അതുപ്രകാരം ആക്ഷേപങ്ങളില്ലാതെ രജിസ്ട്രേഷൻ നടക്കുമ്പോൾ 2022 ഫെബ്രുവരി 16ന് മലപ്പുറം രജിസ്ട്രാര്‍ പുറപ്പെടുവിച്ച വിചിത്രമായ ഉത്തരവ് കാരണ അന്യായവില മഞ്ചേരി സബ്രജിസ്ട്രാർ ഈടാക്കിവന്നു. ഈ ഉത്തരവിനെതിരെ വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനെത്തുടർന്നാണ് ലാൻഡ് റവന്യൂ കമീഷനറുടെ റിപ്പോർട്ടനുസരിച്ച് പുതിയ ന്യായവില സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പ്രശ്നപരിഹാരത്തിന് പ്രയത്നിച്ച ജനപ്രതിനിധികൾക്കും റവന്യൂ, രജിസ്ട്രേഷൻ മന്ത്രിമാർക്കും ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ അഡ്വ.എൻ.കെ. യഹ്യ, കെ.എം. ഹുസ്സൈൻ പുല്ലഞ്ചേരി, കെ.കെ. ഷർജു, സി. ഇബ്രാഹീം എന്നിവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.