മഞ്ചേരി: നഗരസഭ പരിധിയിൽ അനുവദിച്ച പുതിയ ആറ് നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ (അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) തോട്ടുപൊയിൽ സെന്റർ ഉദ്ഘാടനത്തിനൊരുങ്ങി. ഒക്ടോബർ ഏഴിന് ഉച്ചക്ക് രണ്ടിന് ഡോ.എം.പി. അബ്ദുസ്സമദ് സമദാനി നാടിന് സമർപ്പിക്കും. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. പിലാക്കൽ വെൽനസ് സെന്റർ നേരേത്ത സമർപ്പിച്ചിരുന്നു. വീമ്പൂർ മുട്ടിപ്പടിയിലെ ആരോഗ്യകേന്ദ്രവും ഒക്ടോബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. ചികിത്സമുറി, ഒ.പി കൗണ്ടർ, ഡ്രസിങ് മുറി, നിരീക്ഷണ വാർഡ്, ഫാർമസി എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇവിടേക്ക് ആവശ്യമായ ഫർണിച്ചറും എത്തിച്ചു. മംഗലശ്ശേരി, വേട്ടേക്കോട് കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് കീഴിലാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. മംഗലശ്ശേരി കേന്ദ്രത്തിനു കീഴിൽ ആര്യംപാട്, വീമ്പൂർ, മേലേപറമ്പ് എന്നിവിടങ്ങളിലും വേട്ടേക്കോട് കേന്ദ്രത്തിനു കീഴിൽ തോട്ടുപൊയിൽ, പിലാക്കൽ, നെല്ലിക്കുത്ത് മുക്കം എന്നിവിടങ്ങളിലുമാണ് കേന്ദ്രം തുടങ്ങുന്നത്. 12 സബ് സെന്ററുകൾക്കും രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും പുറമെയാണ് പുതിയ സെന്ററുകൾ. ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ഏഴ് വരെയാകും പ്രവർത്തനം. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളികൾ എന്നിവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് എൻ.എച്ച്.എം സംസ്ഥാന മിഷനാണ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് കർമപദ്ധതി ആവിഷ്കരിച്ചത്.
രോഗപ്രതിരോധ പ്രവർത്തനം, പ്രാഥമിക രോഗചികിത്സ സൗകര്യം, പാലിയേറ്റിവ് പ്രവർത്തനം, ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ, കാൻസർ ഡിറ്റക്ഷൻ ക്ലിനിക് തുടങ്ങിയ സൗകര്യങ്ങൾ പുതിയ കേന്ദ്രങ്ങളിലുണ്ടാകും. ഉദ്ഘാടനച്ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, ആരോഗ്യസ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്, കൗൺസിലർമാരായ ചിറക്കൽ രാജൻ, മുഹ്മിദ ഷിഹാബ്, അബ്ദുൽ അസീസ് എന്നിവർക്കൊപ്പം രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.