മഞ്ചേരി: നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. ഞായറാഴ്ച രാവിലെ കോഴിക്കോട് റോഡിൽ ആറുപേർക്ക് നായുടെ കടിയേറ്റു. തിരൂർ സ്വദേശി ഖാദർ (57), മഞ്ചേരി സ്വദേശികളായ രാമദാസ് (56), അസീസ് (52), മൂസ (52) എന്നിവർക്കും മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്.
ഖാദർ കോഴിക്കോട് റോഡിലെ ഒരു കടക്ക് മുന്നിൽ ഉറങ്ങുന്നതിനിടെ പുലർച്ച അഞ്ചോടെയാണ് കടിയേറ്റത്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ചുണ്ടിനും കാലിനും കൈയിനും പരിക്കുണ്ട്. മറ്റുള്ളവർക്ക് ജോലിക്ക് പോകുന്നതിനിടെയാണ് കടിയേറ്റത്. ഇവർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. എല്ലാവരെയും കടിച്ചത് ഒരു നായയാണെന്ന് നാട്ടുകാർ പറഞ്ഞു.
നഗരത്തിൽ മെഡിക്കൽ കോളജ് പരിസരം, ബസ് സ്റ്റാൻഡുകൾ, നിത്യ മാർക്കറ്റ്, തുടങ്ങിയ ഭാഗങ്ങളിലെല്ലാം അക്രമ സ്വഭാവമുള്ള നായകൾ കൂട്ടത്തോടെ എത്തുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.
ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥികളുടെയും ബൈക്ക് യാത്രക്കാരുടെയും പിറകെ നായ്ക്കൾ ഓടുന്നത് നിത്യ സംഭവമാണ്.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം, അക്കാദമിക് ബ്ലോക്ക് എന്നിവിടങ്ങളിൽ ഇവ സ്വൈരവിഹാരം നടത്തുകയാണ്. ആശുപത്രിയിലെത്തുന്നവർക്ക് ഇത് ഭീഷണിയാകുന്നുണ്ട്. ലോക്ഡൗണായതോടെ ഭക്ഷണം ലഭിക്കാത്തതാണ് അക്രമ സ്വഭാവം കാണിക്കാൻ കാരണമെന്നാണ് പറയുന്നത്. നേരത്തേ പുലർച്ച നടക്കാനിറങ്ങിയവർക്കും കടിയേറ്റിരുന്നു. നഗരസഭയിൽ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും പൂർത്തിയായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.