മഞ്ചേരി: പൂർണ ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിന് ദേശീയ മനുഷ്യാവകാശ കമീഷെൻറ അന്ത്യശാസനം. ഒക്ടോബർ 10നകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ കർശന നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മുന്നറിയിപ്പ് നൽകി. ദേശീയ മനുഷ്യാവകാശ കമീഷൻ നിയമവിഭാഗം അസിസ്റ്റൻറ് രജിസ്ട്രാർ കെ.കെ. ശ്രീവാസ്തവയാണ് സർക്കാറിന് കത്തയച്ചത്.
പുത്തനഴി സ്വദേശി ഡോ. സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയിലാണ് നടപടി. പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണ് നടപടി കടുപ്പിക്കുന്നത്.
കുറ്റക്കാർക്കെതിരെ നാല് ആഴ്ചക്കകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമീഷൻ 2020 നവംബർ 19ന് ഡി.എം.ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്തയച്ചിരുന്നു.
ഇതിന് സർക്കാർ മറുപടി നൽകിയില്ല. മേയ് നാലിന് വീണ്ടും വിഷയം ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. മാധ്യമപ്രവർത്തകനായ കിഴിശ്ശേരി സ്വദേശി എൻ.സി. മുഹമ്മദ് ഷെരീഫ്-സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് 2020 സെപ്റ്റംബർ 27ന് മരിച്ചത്. സംഭവം നടന്ന് ഒരു വർഷമായിട്ടും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. കുട്ടികളുടെ പിതാവ് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തെളിവെടുപ്പ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.