മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് സർക്കാറിനെ പ്രതിരോധത്തിലാക്കി. പ്രതിഷേധം ഉയർന്നതോടെ ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ ഓഫിസ് വരെ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങി. പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി.
ഏജൻസിക്ക് ഫണ്ട് നൽകാതെ ഉപകരണങ്ങൾ ലഭിക്കില്ലെന്ന മറുപടിയാണ് ആശുപത്രി അധികൃതർ മന്ത്രിയുടെ ഓഫിസിന് നൽകിയത്. ഇതോടെ മന്ത്രിയുടെ ഓഫിസ് നേരിട്ട് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. രോഗികൾക്ക് ചികിത്സ മുടങ്ങരുതെന്ന കർശന നിർദേശമായിരുന്നു ആശുപത്രിക്ക് ലഭിച്ചത്. അപ്പോഴും സർക്കാർ എന്ന് ഫണ്ട് നൽകുമെന്നതിനെ കുറിച്ച് കൃത്യമായ വിവരം നൽകിയതുമില്ല. എന്നാൽ ഇതിനിടെ ആശുപത്രി അധികൃതർ 33 ലക്ഷം രൂപ വിതരണ ഏജൻസിക്ക് കൈമാറി. കഴിഞ്ഞവർഷം ആഗസ്റ്റിൽ നൽകേണ്ട തുകയാണിത്. ആറ് മാസത്തെ കുടിശ്ശിക എങ്കിലും ലഭിച്ചെങ്കിലേ ഉപകരണങ്ങൾ എത്തിക്കൂവെന്ന നിലപാടിലാണ് ഏജൻസി.
വിതരണ ഏജൻസിക്ക് കോടികളുടെ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഹൃദയ ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭിക്കാതെ വന്നതോടെയാണ് നാല് ദിവസമായി ശസ്ത്രക്രിയകൾ മുടങ്ങിയത്. വെള്ളിയാഴ്ച മുതൽ ഈ വിഭാഗത്തിൽ ശസ്ത്രക്രിയകൾ ഒന്നും തന്നെ നടക്കുന്നില്ല. പ്രതിദിനം എട്ട് മുതൽ 10 വരെ ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ ആശുപത്രിയിൽ നടന്നിരുന്നു. സ്റ്റെൻറ്, കൊറോണറി ബലൂൺ, പേസ് മേക്കർ, കത്തീറ്റർ തുടങ്ങിയ ശസ്ത്രക്രിയ കാത്ത് ലാബ് ഉപകരണങ്ങളാണ് ആശുപത്രിയിൽ ഇല്ലാതായത്.
വെള്ളിയാഴ്ചയാണ് ഉപകരണങ്ങളുടെ ശേഖരം തീർന്നത്. ഇതോടെ നേരത്തെ ശസ്ത്രക്രിയക്ക് സമയം ലഭിച്ച രോഗികളുടെ ചികിത്സ മുടങ്ങി. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയ ആവശ്യമായ പുതിയ രോഗികൾക്ക് സമയം അനുവദിക്കുന്നില്ല. ഇവർ സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നാല് കോടിയോളം രൂപയാണ് വിതരണ ഏജൻസിക്ക് സർക്കാർ നൽകാനുള്ളത്. ഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് നിരവധിതവണ ഏജൻസി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു.
ഇക്കാര്യം സമയബന്ധിതമായി സർക്കാറിനെ അറിയിക്കുകയും ചെയ്തു. എന്നാൽ സർക്കാർ ഫണ്ട് അനുവദിക്കാതെ വന്നതോടെയാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയത്. കാസ്പ്, കെ.ബി.എഫ് ഇൻഷുറൻസ് പദ്ധതികളിലായി 30 കോടിയോളം രൂപ മെഡിക്കൽ കോളജിന് ലഭിക്കാനുണ്ട്. ഇത് ലഭിച്ചാൽ ഏജൻസിക്ക് പണം നൽകാമെന്ന് സർക്കാറിനെ പലതവണ അറിയിച്ചിരുന്നു. ചികിത്സ മുടങ്ങിയതിനെ തുടർന്ന് രോഗികൾ പ്രതിഷേധം ഉയർത്തിയതോടെ വിഷയം ഇടപെടാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.
കഴിഞ്ഞദിവസം ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലും ഇക്കാര്യം ചർച്ചയായി. സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ യു.എ. ലത്തീഫ് എം.എൽ.എയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സമീപിച്ച് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. ജില്ലയിലെ രോഗികൾക്ക് പുറമെ മണ്ണാർക്കാട്, ഗൂഡല്ലൂർ ഭാഗങ്ങളിൽ ഉള്ളവരും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.