മഞ്ചേരി: മഞ്ചേരി-ഒലിപ്പുഴ റോഡിന്റെ നവീകരണത്തിനായി പുതുക്കിയ അലൈൻമെൻറ് പ്രകാരം കൂടുൽ സർവേ നമ്പറുകളിൽനിന്ന് ഭൂമിയേറ്റെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉന്നയിച്ച സബ്മിഷന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശവാസികളിൽനിന്ന് പരാതി ഉയർന്നതോടെയാണ് അലൈൻമെൻറ് പുതുക്കിയത്. പുതുതായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ നമ്പർ കൂടി ഉൾപ്പെടുത്തി പുതുക്കിയ റവന്യൂ അനുമതി ലഭ്യമാകണം.
ഇതിനുള്ള നടപടി തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റോഡുകളിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കിഫ്ബിയിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഒലിപ്പുഴ റോഡ് അറ്റക്കുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മഞ്ചേരി-ഒലിപ്പുഴ റോഡിന്റെ ദുരവസ്ഥക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന് എം.എൽ.എ സബ് മിഷനിൽ ആവശ്യപ്പെട്ടു. താൻ പലതവണ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചു. മന്ത്രിയുടെ ശ്രദ്ധയിലുംപെടുത്തി. പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. സാങ്കേതികാനുമതി ലഭിച്ച് ഒമ്പത് വർഷമായിട്ടും റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങാൻ സാധിച്ചിട്ടില്ല. മഞ്ചേരി മണ്ഡലത്തിൽ സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ച ഏക റോഡാണിതെന്നും എം.എൽ.എ പറഞ്ഞു.
അതേസമയം, റോഡിന്റെ സർവേയും അതിർത്തി കല്ല് സ്ഥാപിക്കലും പൂർത്തിയായതിന് ശേഷമാണ് അലൈൻമെൻറിൽ മാറ്റം വരുത്തിയത്. കിഴക്കേപാണ്ടിക്കാട് മുതൽ മാലാംകുളം വരെ സർക്കാർ ഭൂമിയുടെ സർവേ ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു. മാലാംകുളം മുതൽ മഞ്ചേരി ടൗൺ വരെയുള്ള സർവേയും പൂർത്തീകരിച്ചു. മഞ്ചേരി മുതൽ ഒലിപ്പുഴ വരെ 16.2 കിലോ മീറ്റർ ദൂരമാണ് റോഡ് നവീകരിക്കുന്നത്. ഇതിനായി 2017ൽ 85.61 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ പിന്നിട്ടതോടെ പദ്ധതി ചെലവ് 100 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവേ പ്രകാരം ആദ്യം സർക്കാറിന്റെ ഭൂമിയും പിന്നീട് റോഡിനായി ആവശ്യമുള്ള ഭൂമിയുടെ കല്ലുമാണ് സ്ഥാപിച്ചത്.
പാണ്ടിക്കാട് പഞ്ചായത്തിലും മഞ്ചേരി നഗരസഭ പരിധിയിലും കല്ലിടൽ പ്രവ്യത്തി പൂർത്തിയായതോടെ കെ.ആർ.എഫ്.ബി നിരത്തുകൾ വിഭാഗം അലൈൻമെന്റ് തയാറാക്കി. ഇതിനെതിരെ പരാതി ഉയർന്നു. ഇതോടെ അലൈമെൻറിൽ മാറ്റം വരുത്തി. റോഡിന് ആവശ്യമായ സ്ഥലവും അളന്നു തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറിയതിന് ശേഷം പുതുക്കിയ അലൈമെൻറിന് അനുമതി ലഭിക്കണം. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചെലവുകൾക്കായി 35 ലക്ഷം രൂപ കെ.ആർ.എഫ്.ബി റവന്യൂ വകുപ്പിലേക്ക് അടച്ചിരുന്നു. വേഗത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കെ.ആർ.എഫ്.ബി റോഡ് വിഭാഗത്തോടും റവന്യൂ വകുപ്പിനോടും ആവശ്യപ്പെട്ടതായി യു.എ ലത്തീഫ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.