പി.വി. ബിജു (കസേരയിൽ ഇരിക്കുന്നയാൾ)
മഞ്ചേരി: കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് വിജിലൻസിന്റെ പിടിയില്‍. കണ്ണൂര്‍ സ്വദേശി പി.വി. ബിജുവിനെയാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം. ശഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസ് സംഘം അടയാളപ്പെടുത്തി നൽകിയ നോട്ടുകൾ സ്വീകരിക്കുന്നതിനിടെയാണ് ബിജു പിടിയിലായത്. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശിയായ പ്രവാസി കുടുംബാധാരം രജിസ്റ്റര്‍ ചെയ്യാനാണ് ഓഫിസില്‍ എത്തിയത്.
ഏപ്രിൽ അഞ്ചിന് ഉച്ചക്ക് 2.30നാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം അനുവദിച്ചത്. കുടുംബം എത്തിയെങ്കിലും വൈകീട്ട് ആറ് കഴിഞ്ഞിട്ടും രജിസ്ട്രേഷന് നടത്താനായില്ല. കുടുംബസ്വത്ത് ഭാഗാധാരമായി രജിസ്റ്റര്‍ ചെയ്യാൻ നിയമപ്രകാരം 1.6 ശതമാനം ഫീസും 0.9 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും ഉള്‍പ്പെടെ 97,400 രൂപ അടച്ചു.
അനുവദനീയമായ ഫീസൊടുക്കിയാല് കുടുംബാധാരം രജിസ്റ്റര്‍ ചെയ്യാമെന്നിരിക്കെ തടസ്സങ്ങള്‍ ഉണ്ടാക്കിയത് കുടുംബം ചോദ്യം ചെയ്തു. ഇതിനിടെ ബിജു 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുക തന്നില്ലെങ്കില്‍ വിലയാധാരമായി കണക്കാക്കി അധികമായി സ്റ്റാമ്പ്ഡ്യൂട്ടിയും ഫീസും ഈടാക്കാൻ ജില്ല രജിസ്ട്രാര്‍ക്ക് സ്പെഷല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് കുടുംബം അഭിഭാഷകന്റ സഹായത്തോടെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. അഡ്വ. യഹിയ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു വിജിലൻസ് പരിശോധന. ഏഴുമാസം മുമ്പാണ് ബിജു മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിൽ ചുമതലയേറ്റത്.
പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഡിവൈ.എസ്.പിക്ക് പുറമെ ഇൻസ്പെക്ടർമാരായ ഐ. ഗിരീഷ് കുമാർ, എം.സി ജിസ്റ്റൽ, എസ്.ഐമാരായ ശ്രീനിവാസൻ, സജി, സീനിയർ സി.പി.ഒമാരായ പ്രജിത്ത്, മോഹനകൃഷ്ണൻ, സലീം, ധനേഷ്, പ്രഷോബ്, നിഷ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.