54ാം പിറന്നാൾ ആഘോഷിച്ച മലപ്പുറത്തിന്റെ പ്രധാന ആതുരാലയമാണ് മഞ്ചേരി മെഡിക്കൽ കോളജ്. ജില്ലയുടെ ഏക മെഡിക്കൽ കോളജും ഇതുതന്നെ. എന്നാൽ ആരംഭിച്ച് പത്ത് വർഷമാകുമ്പോഴും ശൈശവം പിന്നിട്ട് ബാല്യത്തിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. മെഡിക്കൽ കോളജിന്റെ വികസനം ആവശ്യപ്പെടുമ്പോഴെല്ലാം സർക്കാർ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജില്ലയോടുള്ള അവഗണന തുടരുകയും ചെയ്യും.
മഞ്ചേരി: പ്രതിദിനം 2500ലധികം രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനത്തിന് പ്രധാന തടസ്സം സ്ഥലപരിമിതിയാണ്. 23 ഏക്കർ ഭൂമി മാത്രമാണ് ആശുപത്രിക്കുള്ളത്. ഇതിലുള്ള മിക്ക സ്ഥലത്തും കെട്ടിടം ഉയർന്നു. ഇനി അടിസ്ഥാന സൗകര്യം വർധിപ്പിക്കണമെങ്കിൽ സ്ഥലം കണ്ടെത്തിയേ തീരൂ. മെഡിക്കൽ കോളജിനോട് ചേർന്നുള്ള 2.810 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്.
ഇതിനായി മൂന്ന് വർഷം മുമ്പ് 13 കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലം വിട്ടുനൽകാൻ ഉടമകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഇത് ഏറ്റെടുത്താൽ പോലും 28 ഏക്കർ ഭൂമി മാത്രമാണ് ആശുപത്രിക്ക് ഉണ്ടാവുക. വേട്ടേക്കോട് ആശുപത്രിക്കായി 50 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നെങ്കിലും സർക്കാർ കനിയുന്നില്ല. പലതവണ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി തള്ളുകയാണ് ഉണ്ടായത്.മെഡിക്കൽ കോളജ് വിശാലമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന പൊതു ആവശ്യമാണ് മഞ്ചേരിയിൽനിന്നുയരുന്നത്.
2013 സെപ്റ്റംബർ ഒന്നിനാണ് ജില്ലയുടെ ഏക ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്തിയത്. ജില്ലയുടെ ആരോഗ്യമേഖലക്ക് മുതൽക്കൂട്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ ഉദ്ഘാടനം കാത്ത് കിടന്നിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മഞ്ചേരിക്ക് നഷ്ടമായി.
ഈ കെട്ടിടം മെഡിക്കൽ വിദ്യാർഥികളുടെ അക്കാദമിക് ബ്ലോക്കായി മാറി. ഇവിടെ 300 കിടക്കകളും ജനറൽ ആശുപത്രിയുടെ 500 കിടക്കകളും ഉൾപ്പടെ 800 കിടക്കകൾ ഉണ്ടായിരുന്നു. എന്നാൽ മെഡിക്കൽ കോളജ് ആയതോടെ ഇത് കുറഞ്ഞു. ആശുപത്രിയുടെ മുകളിലെ നിലകളിൽ പോലും ഹൗസ് സർജൻമാരെ താമസിപ്പിക്കേണ്ടി വന്നു. ഇത് വീണ്ടും കിടക്കകൾ കുറയാൻ കാരണമായി. പലപ്പോഴും പൂർണ ഗർഭിണികളും നവജാത ശിശുക്കളും അടക്കം നിലത്ത് കിടക്കേണ്ട ഗതി വന്നിരുന്നു.
ജനറൽ ആശുപത്രി പേര് മാറ്റി മെഡിക്കൽ കോളജ് ആക്കിയെങ്കിലും ഹെൽത്ത് സർവീസിലെ ഡോക്ടർമാരെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ജനറൽ ആശുപത്രി ഇല്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും 56 ഡോക്ടർമാർ ഡി.എച്ച്.എസിന് കീഴിലാണ് ജോലി ചെയ്യുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 92 ഡോക്ടർമാരും ഡെപ്യൂട്ടേഷനിൽ ആറുപേരും മെഡിക്കൽ കോളജിൽ ഡോക്ടർമാരായുണ്ട്. 119 ഒഴിവുകളാണ് ഉള്ളത്.
മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ അടക്കം ലഭ്യമാകുന്നുണ്ടെന്നാണ് പലപ്പോഴും ആരോഗ്യമന്ത്രി നിയമസഭയിൽ ആവർത്തിക്കാറ്. 2021ൽ ആശുപത്രി സന്ദർശിച്ചപ്പോഴും ഇത് തുടർന്നു. ഈ ബജറ്റിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് അനുവദിക്കാൻ എം.എൽ.എ ബജറ്റിൽ പണം നീക്കിവെക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. പലപ്പോഴും പല അപകടങ്ങൾ സംഭവിച്ച രോഗികളെ മഞ്ചേരിയിൽ എത്തിച്ചാലും പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മടക്കി അയക്കാറാണ് പതിവ്. ഇത് പലപ്പോഴും രോഗികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
കാർഡിയോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോളജി ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ഉണ്ടെങ്കിലും തസ്തിക ഇല്ലാത്തതിനാൽ ജനറൽ മെഡിസിന്റെ ഭാഗമായാണ് സേവനം. 15 വിഷയങ്ങളിൽ പി.ജി കോഴ്സ് തുടങ്ങാൻ ആറ് വർഷം മുമ്പ് അപേക്ഷ നൽകിയിരുന്നെങ്കിലും മൂന്ന് വിഷയങ്ങളിൽ മാത്രമാണ് നാഷനൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയത്. ഡെർമറ്റോളജി, ഒഫ്താൽമോളജി, ഇ.എൻ.ടി എന്നിവയിലാണ് പി.ജി പഠനമുള്ളത്.
ഒരു വർഷം മുമ്പ് പ്രഖ്യാപിച്ച ക്രിട്ടിക്കൽ കെയർ ബ്ലോക്ക് (തീവ്രപരിചരണ വിഭാഗം) പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. മെഡിക്കൽ കോളജിനോട് ചേർന്ന പഴയ പൊതുമരാമത്ത് റസ്റ്റ് ഹൗസ് പൊളിച്ചാണ് ബ്ലോക്ക് നിർമിക്കുന്നത്. 23 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചിരുന്നു. 50 കിടക്കകളാണ് ഇവിടെ ഉണ്ടാവുക. പത്ത് വർഷത്തിനിടെ ലഭിച്ച പ്രധാന പദ്ധതിയും ഇതുതന്നെ.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുമാസം മുമ്പ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ മഞ്ചേരിക്ക് സ്ഥലപരിമിതി വില്ലനായി. ആശുപത്രിയോട് ചേർന്ന് റേഡിയോളജി ബ്ലോക്കും റസിഡൻറ് ക്വാർട്ടേഴ്സ് നിർമാണവും പുരോഗമിക്കുന്നുണ്ട്. മെഡിക്കൽ കോളജിനോടനുബന്ധിച്ച് കഴിഞ്ഞ വർഷം നഴ്സിങ് കോളജ് ആരംഭിച്ചെങ്കിലും താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം.
സ്വന്തം കെട്ടിടവും കാമ്പസും ഇല്ലാതെയാണ് നഴ്സിങ് കോളജ് തുടങ്ങിയത്. മെഡിക്കൽ കോളജിന്റെ ക്ലാസ് മുറികളും ഓഫിസ് സ്ഥലവും പ്രയോജനപ്പെടുത്തിയാണിത്. കോളജിനും കെട്ടിടം നിർമിക്കാൻ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും. മൂന്ന് വർഷത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്നാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ (ഐ.എൻ.സി) വ്യവസ്ഥ.
കഴിഞ്ഞ ഒരാഴ്ചക്കിടെ 400ൽ അധികം പേരാണ് പനി ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗികളുടെ എണ്ണം ഉയർന്നതോടെ പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. രണ്ട്, ഏഴ്, ഒമ്പത് വാർഡുകളാണ് പനി ബാധിതർക്കായി സജ്ജമാക്കിയത്. ഇവിടെ ഡെങ്കിപ്പനി ബാധിച്ചവർക്കും കിടക്കകൾ ക്രമീകരിച്ചു. വാർഡ് രണ്ടിൽ 38 കിടക്കകളാണുള്ളത്. ഇതിൽ 13 എണ്ണം ഡെങ്കിപ്പനി ബാധിതർക്കാണ്. ഏഴ്, ഒമ്പത് വാർഡുകളിൽ 40 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. 11 കിടക്കകൾ ഡെങ്കി ബാധിതർക്കായി മാറ്റിയിട്ടുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.