മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. സ്ഥലം മാറ്റം കാരണം പ്രതിസന്ധികളില്ലെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും ഡോക്ടർമാരുടെ കുറവ് രോഗികളെ വലക്കുന്നതായാണ് ആക്ഷേപം. ഡോക്ടർമാരുടെ സ്ഥലം മാറ്റത്തിന് മുമ്പും ശേഷവും നടത്തിയ ഇ.എൻ.ടി ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. സ്ഥലംമാറ്റം ലഭിച്ച 10 ഡോക്ടർമാരിൽ രണ്ട് പേർ ഇ.എൻ.ടി വിഭാഗത്തിൽ നിന്നാണ്. ഇതാണ് പ്രതിസന്ധിക്കിടയാക്കിയത്. ശസ്ത്രക്രിയകളും മറ്റു ചികിത്സകളും മുടങ്ങുന്നില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ വ്യക്തമാക്കിയിരുന്നു.
ഡോക്ടർമാരുടെ സ്ഥലംമാറ്റ നടപടിക്ക് മുമ്പ് ഇ.എൻ.ടി രണ്ടാം യൂനിറ്റിൽ നവംബർ ആറ്, എട്ട് തിയതികളിലായി 24 ശസ്ത്രക്രിയകളും 13നും 15നും കൂടി 22 പേർക്കും ശസ്ത്രക്രിയ നടത്തി. 20, 22 തിയതികളിലായി 23 ശസ്ത്രക്രിയകൾ നടന്നു.
നവംബർ 27നും 29നുമായി 12 ശസ്ത്രക്രിയകൾ മാത്രമാണ് നടന്നത്. ഡിസംബർ നാലിനും ആറിനുമായി 16ഉം തൊട്ടടുത്ത ആഴ്ച 19 ശസ്ത്രക്രിയകളും നടത്തി. 18, 20 തിയതികളിൽ നടന്നത് 13 ശസ്ത്രക്രിയകൾ മാത്രം. ബുധനാഴ്ചകളിൽ ഇ.എൻ.ടി വിഭാഗത്തിൽ നടക്കുന്ന മേജർ ശസ്ത്രക്രിയകൾ പൂർണമായും മുടങ്ങി. സാധാരണ പത്തോളം പ്രധാന ശസ്ത്രക്രിയകൾ എല്ലാ ആഴ്ചകളിലും നടന്നിരുന്നു.
10 ഡോക്ടർമാരെ തൊട്ടടുത്ത താലൂക്ക് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിട്ടും പകരം നിയമനം നടത്തിയിട്ടില്ല. മെഡിക്കൽ കോളജിലെ ജനറൽ ആശുപത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയാണ് മാറ്റിയത്. ജനറൽ ആശുപത്രി മഞ്ചേരിയിൽനിന്ന് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡോക്ടർമാരെ മാറ്റിയതെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പറയുന്നത്. ഇതിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.