മഞ്ചേരി: ചോരവാർന്ന നെഞ്ചോടൊട്ടിക്കിടന്ന കുഞ്ഞുകുരങ്ങിന് അറിയില്ലായിരുന്നു, എത്ര വിളിച്ചാലും കേൾക്കാത്തത്ര ദൂരത്തേക്ക് തന്റെ അമ്മ യാത്രയാവുകയാണെന്ന്. വാഹനമിടിച്ച് അബോധാവസ്ഥയിലായ അമ്മയുടെ നെഞ്ചോട് ചേർന്ന് കിടന്ന കുഞ്ഞുകുരങ്ങ് കണ്ടുനിന്നവരുടെയെല്ലാം കണ്ണീരണിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ചെങ്ങര മഞ്ചേരി-അരീക്കോട് റോഡിലായിരുന്നു സങ്കടക്കാഴ്ച. മഞ്ചേരിയിൽനിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്നു മഞ്ചേരി തുറക്കൽ സ്വദേശി അനസ് കുരിക്കളും പയ്യനാട് പുഴങ്കാവ് സ്വദേശി സിദ്ദീഖ് അനസും ഈ ദൃശ്യം കണ്ട് വാഹനം നിർത്തി. അബോധാവസ്ഥയിൽ കിടക്കുന്ന കുരങ്ങും തൊട്ടരികിലായി ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞും.
ചോരയിൽ കുതിർന്ന് മരണത്തോട് മല്ലടിക്കുന്ന അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കാറിൽ കയറ്റി ഇരുവരും അതിവേഗം നെല്ലിപ്പറമ്പിലെ ഹാപ്പി പെറ്റ്സ് ക്ലിനിക്കിലെത്തിച്ചു. മാതാവിന്റെ മാറിൽ ഒട്ടിക്കിടക്കുന്ന ആ കുഞ്ഞിന്റെ ദൃശ്യം വല്ലാതെ നൊമ്പരപ്പെടുത്തുന്നതായിരുന്നുവെന്ന് അനസ് പറഞ്ഞു.
ക്ലിനിക് ജീവനക്കാരുടെ നേതൃത്വത്തിൽ അനസ്തേഷ്യ നൽകി അമ്മക്കുരങ്ങിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വാഹനം ഇടിച്ചതോടെ ആന്തരികാവയങ്ങളടക്കം പുറത്തുവന്നിരുന്നു. പ്രാഥമിക ചികിത്സ നൽകി കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിച്ചു. ക്ലിനിക്കിലെ ജീവനക്കാർ ഇതിന് ശുശ്രൂഷ നൽകി തിരിച്ചുനൽകിയപ്പോൾ സ്വന്തം കുഞ്ഞിനെ പോലെ അനസ് നെഞ്ചോട് ചേർത്തു.
പിന്നീട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ യാഷിക് മേച്ചേരി വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂരിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കുഞ്ഞിനെ കൈമാറി. സംസ്കരിക്കുന്നതിനായി അമ്മക്കുരങ്ങിന്റെ മൃതദേഹവും അവർ കൊണ്ടുപോയി. അനസും സിദ്ദീഖും വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫജർ കാരാശ്ശേരി, സാബു കോതാളത്തിൽ, സുഹൈൽ തുറക്കൽ എന്നിവരും ക്ലിനിക്കിലെത്തി ആവശ്യമായ സഹായങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.