മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ എത്തിച്ച 10,000 ലിറ്റർ സംഭരണി ആശുപത്രിയിൽ സ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ രണ്ട് ക്രെയിൻ ഉപയോഗിച്ചാണ് സംഭരണി സ്ഥാപിച്ചത്. ഓക്സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് അത്യാഹിത വിഭാഗത്തിന് പിന്നിൽ അഞ്ച് മീറ്റർ ഉയരമുള്ള സംഭരണി സ്ഥാപിച്ചത്.
പ്രവൃത്തി വിലയിരുത്താൻ അസി. കലക്ടർ സഫ്ന നസ്റുദ്ദീൻ ആശുപത്രിയിലെത്തി. ഊരാളുങ്കല്‍ ലേബര്‍ കോഓപറേറ്റിവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്) സൗജന്യമായാണ് പ്രവൃത്തി ഏറ്റെടുത്തത്. ഓക്സിജന്‍ പ്ലാൻറ് നിര്‍മാതാക്കളുടെ സാങ്കേതിക പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കഞ്ചിക്കോട്ടുനിന്ന് പത്ത് ദിവസം മുമ്പ് സംഭരണി എത്തിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം വൈകുകയായിരുന്നു.
ഓക്സിജന്‍ പ്ലാൻറിന് പെസോയുടെ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന്) അംഗീകാരം ലഭിച്ചാല്‍ ഒരാഴ്ചക്കകം പ്രവര്‍ത്തനസജ്ജമാകും. ഇതിനായി പ്രേജക്ട് റിപ്പോര്‍ട്ട് അംഗീകാരത്തിനായി അയച്ചു. പെസോ നിര്‍ദേശം ലഭിച്ചാല്‍ ട്രയൽ റണ്‍ നടത്തും.
നിലവിൽ 4000 ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളാണ് ഇവിടെയുള്ളത്. ഇതിെൻറ വിതരണ പൈപ്പുകള്‍ക്ക് 32 മില്ലീമീറ്റര്‍ വ്യാസമാണുള്ളത്. കൂടുതല്‍ അളവില്‍ വിതരണം നടത്തേണ്ടതിനാല്‍ ഇത് 52 മില്ലീമീറ്ററായി ഉയര്‍ത്തും. പൈപ്പ് ലൈനുകള്‍ പുനഃക്രമീകരിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു.
രണ്ട് കമ്പനികള്‍ക്ക് ഇതിനായി ചുമതല നല്കി. മിനിറ്റിൽ 1500 ലിറ്റർ ഉൽപാദന ശേഷിയുള്ള ഓക്സിജൻ ജനറേറ്റർ പ്ലാൻറ് ആശുപത്രിയിൽ സ്ഥാപിക്കാൻ അനുമതി ആയിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. ഇതോടെ പ്രവൃത്തി പാതിവഴിയിൽ നിർത്തിവെച്ചിരിക്കുകയാണ്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍, കോളജ് മരാമത്ത് വിഭാഗം എൻജിനീയര്‍ പി. സ്വരൂപ്, യു.എൽ.സി.സി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ഓക്സിജന്‍ കിടക്കകള്‍ വര്‍ധിപ്പിക്കും
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സി കാറ്റഗറിയിൽപെട്ട രോഗികളുടെ എണ്ണം കൂടിയതോടെ ഓക്സിജന്‍ കിടക്കകള്‍ വര്‍ധിപ്പിക്കാൻ തീരുമാനം.
നിലവിൽ 223 ഓക്സിജന്‍ കിടക്കകളാണുള്ളത്. പുറമെ 175 കിടക്കകൾ കൂടി ഒരുക്കും. ഓക്സിജന്‍ സംഭരണശേഷി ഉയര്‍ത്തിയ സാഹചര്യത്തിലാണ് കിടക്കകൾ വർധിപ്പിക്കുന്നത്. കൂടാതെ 20 പോര്‍ട്ടബിള്‍ വെൻറിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് (കെ.എം.എസ്.സി.എല്‍) വഴിയാണ് വെൻറിലേറ്ററുകള്‍ എത്തിച്ചത്.
ഇതിൽ അഞ്ച് എണ്ണം താനൂരിലേക്ക് അയച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനും രോഗിയെ മറ്റ് തിയറ്ററുകളിലേക്ക് മാറ്റാനുമായാണ് പോർട്ടബിൾ വെൻറിലേറ്ററുകൾ ഉപയോഗിക്കുന്നത്.
ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് കൂടുതൽ മരുന്നെത്തിച്ചു
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് നല്‍കേണ്ട മരുന്നുകള്‍ എത്തിച്ചു. കേരള മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് വഴിയാണ് ആദ്യ ബാച്ച് മരുന്ന് എത്തിച്ചത്.
നിലവിലെ രോഗികള്‍ക്കുള്ള മരുന്നുകള്‍ ഉണ്ടെങ്കിലും കൂടുതല്‍ രോഗികള്‍ എത്തുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ മരുന്ന് കൊണ്ടുവന്നത്. ഇതിന് പുറമെ ചികിത്സയിലുള്ള രോഗികളിലും രോഗമുക്തരിലും ഫംഗസ് ബാധ കണ്ടുവരുന്ന സാഹചര്യത്തില്‍ ആശുപത്രിയിൽ മെഡിക്കല്‍ മാനേജ്മെൻറ് ടീം രൂപവത്കരിച്ചു. പോസിറ്റിവ് ഐ.സി.യുവില്‍ ചികിത്സയിലുള്ള നാലുപേരില്‍ ഫംഗസ് ബാധ കണ്ടെത്തി. നാലുപേരെയും രണ്ടുതവണ ശസ്ത്രക്രിയക്ക് വിധേയരാക്കി. രോഗിയുടെ ആരോഗ്യവസ്ഥ, മരുന്ന്, ചികിത്സ സംവിധാനങ്ങളുമെല്ലാം ദിവസവും മെഡിക്കല്‍ സംഘത്തിെൻറ നേതൃത്വത്തില്‍ അവലോകനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.