മലപ്പുറം ജില്ലയിലെ ഒമ്പത് മജിസ്‌ട്രേറ്റ് കോടതികള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

മഞ്ചേരി: കേസുകളുടെ ആധിക്യം മൂലം വീര്‍പ്പുമുട്ടുന്ന ജില്ലയിലെ ഒമ്പത് മജിസ്‌ട്രേറ്റ് കോടതികള്‍ ഈ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ തീരുമാനം. കോടതികളില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകൾ തീര്‍പ്പാക്കാനായാണ് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക സിറ്റിങ് നടത്തുന്നത്.

മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവക്ക് പുറമെ നിലമ്പൂര്‍, പൊന്നാനി, പരപ്പനങ്ങാടി കോടതികളിലും പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളിലെ രണ്ട് മജിസ്‌ട്രേറ്റ് കോടതികളിലുമാണ് സിറ്റിങ് നടക്കുന്നത്.

കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാത്തതിനും പുറത്തിറങ്ങിയതിനും അടക്കം നിരവധി പെറ്റി കേസുകള്‍ പൊലീസ് ചാര്‍ജ് ചെയ്തിരുന്നു. ഹെല്‍മറ്റ്, പാര്‍ക്കിങ് സംബന്ധിച്ച കേസുകളും രേഖകളില്ലാതെ വാഹനമോടിച്ച കേസുകളും മണല്‍ക്കടത്ത് കേസുകളുമടക്കം പിഴയടച്ച് തീരാവുന്ന നിരവധി കേസുകളാണ് ഇതോടെ തീര്‍പ്പാകുന്നത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട 7500ലധികം പേര്‍ക്ക് ഇതിനകം നോട്ടീസ് അയച്ചുകഴിഞ്ഞു. 3000ത്തിലധികം പേര്‍ ഇതിനകം കോടതിയിലെത്തി പിഴയടച്ച് കേസ് അവസാനിപ്പിച്ചു.

ലളിതമായ മാര്‍ഗത്തില്‍ ഇത്തരം പെറ്റി കേസുകള്‍ തീര്‍ക്കാനുള്ള അവസാന ദിവസമാണ് ഞായറാഴ്ച. പിഴ നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ അടക്കാമെന്ന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ. നൗഷാദലി അറിയിച്ചു.

Tags:    
News Summary - Nine Magistrate Courts in Malappuram District Will work on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.